ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനവുമായി പ്രദീപ് രംഗനാഥൻ ചിത്രം
പ്രദീപ് രംഗനാഥൻ നായകനായി എത്തിയ സൈഫൈ റൊമാന്റിക് ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനവുമായി മുന്നേറുകയാണ്. പ്രശസ്ത സംവിധായകൻ വിഘ്‌നേഷ് ശിവൻ ഒരുക്കിയ ഈ ചിത്രം ഏപ്രിൽ 10-നാണ് തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിനം തന്നെ ലോകമെമ്പാടുനിന്നുമായി 9.93 കോടി രൂപ ചിത്രം സ്വന്തമാക്കി. ഇന്ത്യയിൽ നിന്നുമാത്രം 7.93 കോടി രൂപയാണ് സിനിമ നേടിയത്. ‘ലവ് ടുഡേ’, ‘ഡ്രാഗൺ’, ‘ഡ്യൂഡ്’ എന്നീ തുടർച്ചയായ മൂന്ന് 100 കോടി ചിത്രങ്ങൾക്ക് ശേഷം പ്രദീപ് രംഗനാഥൻ നായകനാകുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ സിനിമയെ സ്വീകരിച്ചത്.
കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലാണ് ചിത്രം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് വിതരണ പങ്കാളികളായ ഈ ചിത്രം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നു. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൃതി ഷെട്ടി നായികയായി എത്തുന്ന ചിത്രത്തിൽ പ്രദീപിന്റെ വേറിട്ട പ്രകടനം പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരുടെ മാസ് നായകനായി അദ്ദേഹത്തെ വീണ്ടും അടയാളപ്പെടുത്തുന്നു.
വമ്പൻ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. എസ്.ജെ. സൂര്യ, മിഷ്കിൻ, യോഗി ബാബു, ഗൗരി കിഷൻ, സീമൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ, അനിരുദ്ധ് രവിചന്ദർ ഒരുക്കിയ സംഗീതം ചിത്രത്തിന് വലിയ മുൻതൂക്കം നൽകുന്നുണ്ട്. രവി വർമ്മൻ, സത്യൻ സൂര്യൻ എന്നിവർ ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവ്വഹിച്ച ഈ ചിത്രം സമകാലിക പ്രണയവും സാങ്കേതിക വിദ്യയും കോർത്തിണക്കിയുള്ള മികച്ച സിനിമാാനുഭവമായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
.jpg)

