ഉത്സവ സീസണുകളിലെ വലിയ സിനിമകളുടെ റിലീസ് മാറ്റിവയ്ക്കുന്നത് ഇന്‍ഡസ്ട്രിയെത്തന്നെ തകര്‍ക്കും ; കാര്‍ത്തിക് സുബ്ബരാജ്
ഈ വിഷയങ്ങള്‍ കാര്യക്ഷമമാക്കുകയും ഫിലിം മേക്കേഴ്സിന് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കുകയും വേണം.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ വിജയ്യുടെ ജനനായകന്റെ റിലീസ് മാറ്റിയിരുന്നു. ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തിയ്ക്കും നിലവില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നുപറയുകയാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. സിനിമയ്ക്ക് ഇത് കഷ്ടകാലമാണെന്നും പരസ്പരമുള്ള ആരാധകപ്പോരും രാഷ്ട്രീയവും സിനിമ മേഖലയെ തകര്‍ക്കുകയാണെന്നും കാര്‍ത്തിക് സുബ്ബരാജ് കുറിക്കുന്നു. 'സെല്ലിയാര്‍ഗള്‍' പോലെ ഒരു ചെറിയ ബജറ്റ് ചിത്രത്തിന് തിയേറ്റര്‍ ലഭിക്കുന്നില്ലെന്നും റിലീസ് തീയതി ആയിട്ടും വിജയ്യുടെയും ശിവകാര്‍ത്തികേയന്റെയും സിനിമകള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നും കാര്‍ത്തിക് സുബ്ബരാജ് കുറിച്ചു.
കാര്‍ത്തിക് സുബ്ബരാജിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
'സല്ലിയാര്‍ഗള്‍' പോലുള്ള ഒരു ചെറിയ ബജറ്റ് സിനിമയ്ക്ക് തിയേറ്ററുകളില്ല. സെന്‍സര്‍ വൈകുന്നത് കാരണം നാളെ റിലീസ് ചെയ്യാനിരുന്ന വിജയ് സാറിനെപ്പോലുള്ള ഒരു വലിയ താരത്തിന്റെ ബിഗ് ബജറ്റ് ചിത്രമായ 'ജനനായകന്‍' എന്ന സിനിമയുടെ റിലീസ് മാറ്റി വെയ്‌ക്കേണ്ടി വരുന്നു. മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'പരാശക്തി'ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രശ്‌നങ്ങള്‍ കാരണം പല സെന്ററുകളിലെയും ബുക്കിങ് ഇനിയും ആരംഭിച്ചിട്ടില്ല.
ഇന്‍ഡി, ലോ-ബജറ്റ് സിനിമകളോട് തിയേറ്ററുകള്‍ കൂടുതല്‍ പിന്തുണ കാണിക്കേണ്ടതുണ്ട്. കാരണം, വലിയ സാറ്റലൈറ്റ്, ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കൊന്നും ഇത്തരം സിനിമകള്‍ വാങ്ങാന്‍ വലിയ താല്‍പര്യമില്ല. അതിനാല്‍, ചെറിയ ബജറ്റിലുള്ള സിനിമകളുടെ വരുമാനത്തിനുള്ള ഏക ആശ്രയം തിയേറ്ററുകള്‍ മാത്രമാണ്. ചെറിയ ബജറ്റ് സിനിമകള്‍ക്ക് തിയേറ്ററുകള്‍ നല്‍കാതിരിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ സിനിമയെ കൊല്ലുന്നതിന് തുല്യമാണ്!.
വലിയ ബജറ്റ് സിനിമകളുടെ കാര്യമെടുത്താല്‍, ഇന്ത്യന്‍, ഓവര്‍സീസ് സെന്‍സറുകള്‍ക്കുള്ള കര്‍ശനമായ സമയപരിധി നിയമങ്ങള്‍ പാലിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇത് പോസ്റ്റ്-പ്രൊഡക്ഷന്‍ സമയത്ത് ഫിലിംമേക്കേഴ്സിന്റെ ക്രിയേറ്റീവ് സ്‌പേസില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു, പ്രത്യേകിച്ചും റിലീസ് തീയതി മുന്‍കൂട്ടി പ്രഖ്യാപിച്ച ഒരു ബിഗ് ബജറ്റ് സിനിമയുടെ കാര്യത്തില്‍. ഇന്ത്യന്‍, ഓവര്‍സീസ് സെന്‍സറുകളുടെ നിലവിലെ സമയക്രമം അനുസരിച്ച്, ഒരു സിനിമയുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം റിലീസിന് 3 മാസം മുന്‍പാണ്.
എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും ഇത് തികച്ചും അസാധ്യമാണ്. ഈ വിഷയങ്ങള്‍ കാര്യക്ഷമമാക്കുകയും ഫിലിം മേക്കേഴ്സിന് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കുകയും വേണം. സെന്‍സര്‍ ബോര്‍ഡ്, നിര്‍മാതാക്കള്‍, താരങ്ങള്‍ എന്നിവരുടെയെല്ലാം ഭാഗത്തുനിന്ന് ഇതിനൊരു മാറ്റം വരണം. അല്ലെങ്കില്‍, ഉത്സവ സീസണുകളിലെ വലിയ സിനിമകളുടെ റിലീസ് മാറ്റിവയ്ക്കുന്നത് ഇന്‍ഡസ്ട്രിയെത്തന്നെ തകര്‍ക്കും
സിനിമാ മേഖലയിലുള്ള നമ്മളെല്ലാവരും ആരാധകപ്പോരുകള്‍, രാഷ്ട്രീയ താല്‍പര്യങ്ങള്‍, വ്യക്തിപരമായ അജണ്ടകള്‍, വിദ്വേഷ പ്രചാരണങ്ങള്‍ എന്നിവയെല്ലാം മാറ്റിവെച്ച്, ഈ കലയെ രക്ഷിക്കാന്‍, സിനിമയെ രക്ഷിക്കാന്‍ ശുഭകരമായ എന്തെങ്കിലും ചെയ്യാനായി ദയവായി ഒന്നിക്കണം.
.jpg)


