ജനപ്രിയ ഇന്ത്യൻ ചിത്രങ്ങളിൽ പത്താമത് 'ലോക'
ഐഎംഡിബി (ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്)യുടെ 2025-ലെ പത്ത് ജനപ്രിയ ചിത്രങ്ങളുടെ പട്ടിക പുറത്ത്. പട്ടികയിലുള്ള ഏക മലയാളചിത്രം 'ലോക: ചാപ്റ്റർ വൺ- ചന്ദ്ര'യാണ്. മലയാളി സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ആദ്യബോളിവുഡ് ചിത്രമായ 'ദേവ'യും പട്ടികയിൽ ഇടംപിടിച്ചു.
'സയ്യാര'യാണ് പട്ടികയിൽ ഒന്നാമത്. ഓസ്‌കർ യോഗ്യതനേടിയ ആനിമേറ്റഡ് പുരാണ ഇതിഹാസ ചിത്രം 'മഹാവതാർ നരസിംഹ'യാണ് രണ്ടാമത്. 'ഛാവ' മൂന്നാമതെത്തിയപ്പോൾ മറ്റൊരു തെന്നിന്ത്യൻ ചിത്രമായ 'കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ' നാലാമതായി. രജനീകാന്തിന്റെ 'കൂലി', പ്രദീപ് രംഗനാഥൻ നായകനായ 'ഡ്രാഗൺ', ആമിർ ഖാന്റെ 'സിത്താരെ സമീൻപർ' എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
tRootC1469263">പൃഥ്വിരാജ് സുകുമാരനും ജയസൂര്യയും റഹ്‌മാനും പ്രധാനവേഷങ്ങളിലെത്തി, 2013-ൽ പുറത്തിറങ്ങിയ മലയാള ചിത്രം 'മുംബൈ പോലീസി'ന്റെ ഹിന്ദി റീമേക്കാണ് 'ദേവ'. 'മുംബൈ പോലീസി'ന്റെ ക്ലൈമാക്‌സിൽ മാറ്റങ്ങളോടെയാണ് 'ദേവ' പുറത്തിറങ്ങിയത്. ഷാഹിദ് കപൂറാണ് നായകൻ.
‘ദേവ’യുടെ നേട്ടത്തിൽ സന്തോഷമറിയിച്ച് റോഷൻ ആൻഡ്രൂസ് ഫെയ്‌സ്ബുക്കിൽ നീണ്ട കുറിപ്പ് പങ്കുവെച്ചു. ലൊക്കേഷനിൽ ഷാഹിദ് കപൂറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് കുറിപ്പ്. ആദ്യഹിന്ദി ചിത്രത്തിന് തന്നെ ഇത്തരമൊരു നേട്ടം ലഭിച്ചത് അവിശ്വസനീയമായി തോന്നുന്നുവെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു.
ജനപ്രിയ ഇന്ത്യൻ വെബ് സീരീസുകളുടെ പട്ടികയും ഐഎംഡിബി കഴിഞ്ഞദിവസം പുറത്തുവിട്ടു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനംചെയ്ത 'ദ ബാഡ്‌സ് ഓഫ് ബോളിവുഡ്' ആണ് ഒന്നാമത്. 'ബ്ലാക്ക് വാറന്റ്', 'പാതാൾ ലോക്: സീസൺ 2', 'പഞ്ചായത്ത്- സീസൺ 4', 'മണ്ഡല മർഡേഴ്‌സ്', 'ഖൗഫ്', 'സ്‌പെഷ്യൽ ഓപ്‌സ്- സീസൺ 2', 'കാക്കി: ദ ബംഗാൾ ചാപ്റ്റർ', 'ദ ഫാമിലി മാൻ: സീസൺ 3', 'ക്രിമിനൽ ജസ്റ്റിസ്: എ ഫാമിലി മാറ്റർ' എന്നിവയാണ് ആദ്യപത്തിലെ മറ്റ് സീരീസുകൾ.
നേരത്തേ, ജനപ്രിയ താരങ്ങളുടേയും സംവിധായകരുടേയും പട്ടിക പുറത്തുവിട്ടിരുന്നു. ജനപ്രിയ സംവിധായകരിൽ മോഹൻലാൽ ചിത്രം 'എൽ2: എമ്പുരാൻ' ഒരുക്കിയ പൃഥ്വിരാജ് അഞ്ചാംസ്ഥാനത്തെത്തി. 'ലോകഃ ചാപ്റ്റർ വൺ- ചന്ദ്ര' സംവിധായകൻ ഡൊമിനിക് അരുൺ എട്ടാമതായും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. 'ലോക'യിലെ നായിക കല്യാണി പ്രിയദർശൻ ജനപ്രിയതാരങ്ങളുടെ പട്ടികയിൽ ഏഴാംസ്ഥാനത്തെത്തി.
.jpg)


