‘പ്ലൂട്ടോ’ റിലീസ് തീയതി പുറത്ത്
മലയാള സിനിമയിൽ ഇതുവരെ കാണാത്ത വേറിട്ടൊരു അന്യഗ്രഹജീവി കഥയുമായി അൽത്താഫ് സലീം എത്തുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരും വർഷത്തെ ഏറ്റവും വലിയ പുതുമയുള്ള പരീക്ഷണ ചിത്രങ്ങളിലൊന്നായ ‘പ്ലൂട്ടോ’ വരും ജൂലൈ 30-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രെശ്മി റെജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്.
അൽത്താഫ് സലീം അന്യഗ്രഹജീവിയായി ഞെട്ടിക്കാനൊരുങ്ങുമ്പോൾ നീരജ് മാധവ്, അജു വർഗീസ്, ആർഷ ബൈജു എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. പ്രത്യേകിച്ച്, ചിത്രത്തിലെ അജു വർഗീസിന്റെ വേറിട്ട മേക്കോവർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തിക്കഴിഞ്ഞു. സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നിയാസ് മുഹമ്മദിന്റെതാണ് തിരക്കഥ.
പ്രൊസ്‌തെറ്റിക്സിനും ആക്ഷൻ രംഗങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ അണിയറപ്രവർത്തകരും ശക്തമാണ്. റോണക്സ് സേവ്യർ ആണ് മേക്കപ്പും പ്രൊസ്‌തെറ്റിക്സും കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശർമ്മ ഛായാഗ്രഹണവും സനത് ശിവരാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. സെഞ്ച്വറി ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളിൽ എത്തിക്കും.
.jpg)

