പൈറസി രാഷ്ട്രീയത്തിന് അതീതം, അത് കലയ്ക്കും കലാകാരനും നേരെയുള്ള ആക്രമണമാണ്: കമല്‍ ഹാസന്‍
'ജനനായകന്‍ ചോര്‍ന്നത് വെറും ഒരു ആക്‌സിഡന്റ് അല്ല.
അപ്രതീക്ഷിത തിരിച്ചടികളാണ് വിജയ് ചിത്രം 'ജനനായകന്' സംഭവിക്കുന്നത്. ദളപതി വിജയ്യുടെ 33 വര്‍ഷം നീണ്ട ഐതിഹാസിക സിനിമാ ജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രമെന്ന നിലയില്‍ ആഗോളതലത്തില്‍ വലിയ കാത്തിരിപ്പിലായിരുന്നു 'ജനനായകന്‍'. സിനിമയുടെ സുപ്രധാന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ഇതില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തുകയാണ് നടന്‍ കമല്‍ ഹാസന്‍.
പൈറസി രാഷ്ട്രീയത്തിന് അതീതമാണെന്നും അത് കലയ്ക്കും കലാകാരനും നേരെയുള്ള ആക്രമണമാണ് എന്നും കമല്‍ എക്‌സില്‍ കുറിച്ചു. 'ജനനായകന്‍ ചോര്‍ന്നത് വെറും ഒരു ആക്‌സിഡന്റ് അല്ല. അത് വ്യവസ്ഥാപിത പരാജയത്തിന്റെ ഫലമാണ്. കൃത്യമായ നടപടിക്രമങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. സര്‍ട്ടിഫിക്കേഷനിലെ അമിതമായ കാലതാമസം പൈറസിക്ക് വഴിവെച്ചു കൊടുത്തു. പൈറസി രാഷ്ട്രീയത്തിന് അതീതമാണ്; അത് കലയ്ക്കും കലാകാരനും നേരെയുള്ള ആക്രമണമാണ്. നൂറുകണക്കിന് കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സൃഷ്ടികളെയും, സത്യസന്ധരായ നികുതി അടയ്ക്കുന്ന നിര്‍മ്മാതാക്കളുടെയും, പ്രദര്‍ശകരുടെയും, തിയേറ്റര്‍ ഉടമകളുടെയും, നമ്മള്‍ സ്‌നേഹിക്കുന്ന സിനിമയെ നിലനിര്‍ത്തുന്ന എല്ലാവരുടെയും നിക്ഷേപങ്ങളെയും ഇത് അപകടത്തിലാക്കുന്നു.
സിസ്റ്റം പരാജയപ്പെടുമ്പോള്‍ ആരാണ് സൃഷ്ടാവിനെ സംരക്ഷിക്കുന്നത്? ഉത്തരവാദിത്തം, വേഗത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍, കര്‍ശനമായ നടപ്പാക്കല്‍, തത്സമയ നീക്കം ചെയ്യലുകള്‍ എന്നിവ നമുക്ക് ആവശ്യമാണ്. മുന്‍കാലങ്ങളില്‍ നിങ്ങള്‍ എന്നോടൊപ്പം നിന്നതുപോലെ, യഥാര്‍ത്ഥ സിനിമാ പ്രേമികള്‍ ഒന്നിച്ച് തിയേറ്ററുകളില്‍ നിയമപരമായി സിനിമ കാണുന്നതിലൂടെ ഉചിതമായ പ്രതികരണം നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു', കമല്‍ ഹാസന്റെ വാക്കുകള്‍.
മൂന്ന് മണിക്കൂര്‍ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്.
.jpg)

