13 ദിവസം കൊണ്ട് ‘പെഡി’ വാരിക്കൂട്ടിയത് 400 കോടി

peddi

 തെലുങ്ക് സൂപ്പർതാരം രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റായി മാറി ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുകയാണ് പുതിയ പാൻ ഇന്ത്യൻ ചിത്രമായ ‘പെഡി’. റിലീസ് ചെയ്ത് വെറും 13 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 400 കോടി കടന്നതായി നിർമ്മാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ‘ദൃശ്യം 3’, ‘വാഴ’ തുടങ്ങിയ വമ്പൻ ഹിറ്റുകളെ പോലും ബഹുദൂരം പിന്നിലാക്കിക്കൊണ്ട് ഈ വർഷം ഒരു തെന്നിന്ത്യൻ സിനിമ നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ എന്ന റെക്കോർഡും പെഡി സ്വന്തമാക്കി. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ഇതിനോടകം 284 കോടി രൂപ നേടിക്കഴിഞ്ഞു.

ദേശീയ അവാർഡ് ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും ചേർന്നവതരിപ്പിക്കുന്ന ഈ ചിത്രം തെലുങ്ക് സംസ്ഥാനങ്ങൾക്ക് പുറമെ ഓവർസീസ് മാർക്കറ്റിലും വമ്പൻ റെക്കോർഡുകളിലേക്കാണ് കുതിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിന് എത്തിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്.

നായകനായ രാം ചരൺ നടത്തിയ അതിഗംഭീരമായ ശാരീരിക മാറ്റങ്ങളും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച സ്വീകാര്യത നേടിക്കൊടുത്തത്. രാം ചരണിനൊപ്പം കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും പെദ്ധിക്കുണ്ട്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം തുടങ്ങിയ കായിക ഇനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ആക്ഷനും പ്രണയവും വൈകാരികതയും കോർത്തിണക്കി ഒരുക്കിയ ഈ ചിത്രത്തിൽ ബോളിവുഡ് സുന്ദരി ജാൻവി കപൂറാണ് നായിക. ഇവരെക്കൂടാതെ ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

Tags