3 ദിവസം കൊണ്ട് 236 കോടി ‘പെദ്ധി’
രാം ചരൺ നായകനായി തിയേറ്ററുകളിലെത്തിയ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിനങ്ങൾ പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 236 കോടി 70 ലക്ഷം രൂപ ഗ്രോസ് കളക്ഷൻ നേടിയതായി നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചു. ചിത്രം വിദേശ വിപണിയിലും വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. ഇനി കേവലം രണ്ട് കോടി രൂപ കൂടി നേടിയാൽ വിദേശ ബോക്സ് ഓഫീസിൽ മാത്രം 50 കോടി എന്ന മാന്ത്രിക സംഖ്യ കടക്കാൻ ചിത്രത്തിന് സാധിക്കും.
നിലവിൽ വിദേശത്തു നിന്ന് മാത്രം ചിത്രം 48 കോടി രൂപ സ്വന്തമാക്കിയതായാണ് പ്രമുഖ ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട്. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. ആദ്യ രണ്ട് ദിനം കൊണ്ട് 181 കോടിയോളം നേടിയ ചിത്രം മൂനാം ദിനം നേടിയത് 55 കോടിയോളം ആഗോള ഗ്രോസ് ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ഈ മെഗാ ബജറ്റ് ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിച്ചത്. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്.
ബോളിവുഡ് താരം ജാൻവി കപൂർ നായികയായ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാം ചരൺ- ശിവരാജ് കുമാർ കോമ്പോ ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. എ.ആർ. റഹ്മാൻ ഒരുക്കിയ സംഗീതവും രത്നവേലുവിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റുകളായി പ്രേക്ഷകർ വിലയിരുത്തുന്നു. ചിത്രം വലിയ സാമ്പത്തിക വിജയം നേടുമ്പോഴും അണിയറപ്രവർത്തകർക്കെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. സിനിമയിലെ നായിക കഥാപാത്രത്തെ കേവലം ഒരു ഉപഭോഗവസ്തുവായി ചിത്രീകരിച്ചു എന്നാണ് സംവിധായകനെതിരെയുള്ള പ്രധാന ആക്ഷേപം. നിരവധി പ്രമുഖ നടിമാർ നായികയെ ഇത്തരത്തിൽ സിനിമയിൽ കാണിച്ചതിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. വിമർശനങ്ങൾ ഒരുവശത്ത് തുടരുമ്പോഴും, ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തിനായി രാം ചരൺ നടത്തിയ കഠിനമായ ശാരീരിക മാറ്റങ്ങളും, ആക്ഷൻ, ഡ്രാമ, റൊമാൻസ് എന്നിവയ്‌ക്കൊപ്പം ക്രിക്കറ്റ്, ഗുസ്തി തുടങ്ങിയ കായിക വിനോദങ്ങൾക്ക് നൽകിയ പ്രാധാന്യവും സിനിമയെ തിയേറ്ററുകളിൽ വലിയ ആവേശമാക്കുന്നുണ്ട്.
.jpg)

