'പേട്രിയറ്റ്' 14 മിനിറ്റില്‍ നേടിയത് വെറും 6 മിനിറ്റില്‍ തൂക്കി 'ജോര്‍ജുകുട്ടി';

drishyam 3


ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഒട്ടേറെ പ്രത്യേകതകളുള്ള ഒന്നാണ് ദൃശ്യം ഫ്രാഞ്ചൈസി. ഇത്രയധികം ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട്, അവയൊക്കെ സാമ്പത്തിക വിജയങ്ങളുമായ മറ്റൊരു ഫ്രാഞ്ചൈസി ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇതുപോലെ വേറൊന്ന് കാണില്ല. കൊവിഡ് സമയത്ത് ഇറങ്ങിയ രണ്ടാം ഭാഗം ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നതിനാല്‍ ബോക്സ് ഓഫീസില്‍ വലിയൊരു അവസരമാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന് നഷ്ടമായത്. ആ അവസരം അതിനേക്കാള്‍ വലിയ അളവില്‍ കൊടുക്കാനിടയുള്ള മൂന്നാം ഭാഗം തിയറ്ററുകളില്‍ എത്താനുള്ള ഒരുക്കത്തിലാണ്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്താനൊരുങ്ങുന്ന ദൃശ്യം 3 ന്‍റെ കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് ഇന്ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. ആവേശകരമായ പ്രതികരണമാണ് ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളില്‍ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ട്രാക്കറായ ജെറിന്‍ ജോര്‍ജുകുട്ടിയുടെ കണക്ക് പ്രകാരം ബുക്കിംഗ് തുടങ്ങി ആദ്യ 13 സെക്കന്‍റ് കൊണ്ട് ചിത്രം 1 ലക്ഷം കടന്നു. 538 ടിക്കറ്റുകള്‍ വിറ്റതിലൂടെയാണ് ഇത്. സമീപകാലത്ത് ഇറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം പേട്രിയറ്റ് ആദ്യ ഒരു ലക്ഷം കടന്നത് 27 സെക്കന്‍ഡ് കൊണ്ടായിരുന്നു. 20 ലക്ഷം ആദ്യ 6 മിനിറ്റ് കൊണ്ടും ദൃശ്യം 3 കടന്നു. പേട്രിയറ്റ് 14 മിനിറ്റ് കൊണ്ടാണ് 20 ലക്ഷം കടന്നത്. എമ്പുരാന്‍ ആവട്ടെ 2 മിനിറ്റ് കൊണ്ടും. അതേസമയം ചിത്രം റിലീസ് ചെയ്യപ്പെടുന്ന തിയറ്ററുകളിലെല്ലാം ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടില്ല. നിലവില്‍ ബുക്കിംഗ് ആരംഭിച്ച തിയറ്ററുകളിലെ ഷോ കൗണ്ട് നോക്കിയാല്‍ പേട്രിയറ്റിനെക്കാളും എമ്പുരാനെക്കാളും പിന്നിലാണ് ദൃശ്യം 3.

എന്നിട്ടും അതിവേഗം നടത്തുന്ന ഈ കുതിപ്പ് ചിത്രത്തിനായി പ്രേക്ഷകര്‍ക്കിടയിലുള്ള കാത്തിരിപ്പ് എത്രയെന്ന് വ്യക്തമാക്കുന്നു. 350 ഷോകളില്‍ നിന്നായി ആദ്യ രണ്ട് മണിക്കൂര്‍ കൊണ്ട് ചിത്രം 40 ലക്ഷം കടന്നു. 211 മിനിറ്റില്‍ 80 ലക്ഷം കടന്ന ചിത്രം 2 മണിക്ക് എത്തിയ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് അഡ്വാന്‍സ് ബുക്കിംഗിലൂടെ ഒരു കോടി കടന്നിട്ടുണ്ട്. അതേസമയം മറ്റ് ചില വിദേശ മാര്‍ക്കറ്റുകളില്‍ ചിത്രം നേരത്തേ ബുക്കിംഗ് ആരംഭിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസിലെ അഡ്വാന്‍സ് ബുക്കിംഗ് ആകെ നോക്കിയാല്‍ ചിത്രം ഇതിനകം 4 കോടി കടന്നിട്ടുണ്ട്.

Tags