ഡിജിറ്റൽ ചതിക്കുഴികൾക്കെതിരെ ജാഗ്രത; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാകുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി
ഏറെ നാളുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത മോഹൻലാൽ- മമ്മൂട്ടി കോമ്പോ ഒന്നിച്ച പേട്രിയറ്റ് തിയറ്ററുകളിലേക്ക് എത്തി. വ്യത്യസ്തമായ പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. എന്നാൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചിത്രത്തെ മുൻനിർത്തി തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓൺലൈൻ ലോൺ ആപ്പുകളെയും ഡിജിറ്റൽ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാൽ കലാപരമായ മികവോടെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നുവെന്ന് മന്ത്രി കുറിച്ചു.
സാങ്കേതികവിദ്യ വിരൽത്തുമ്പിൽ ലോകത്തെ എത്തിക്കുമ്പോൾ, മറുവശത്ത് പതുങ്ങിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സമൂഹത്തിന് നൽകാൻ ഇത്തരം സിനിമകൾക്ക് സാധിക്കുമെന്നും പാവപ്പെട്ടവന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്ന ഡിജിറ്റൽ മാഫിയകൾ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ കാണുവാനായി തീയറ്ററിലിരിക്കുന്ന ചിത്രവും പേട്രിയറ്റ് സിനിമയുടെ പോസ്റ്ററുമാണ് കുറിപ്പിനൊപ്പം മന്ത്രി പോസ്റ്റ് ചെയ്തത്.
മന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണ രുപം
മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രം 'പേട്രിയറ്റ്' കാണുകയുണ്ടായി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓൺലൈൻ ലോൺ ആപ്പുകളെയും ഡിജിറ്റൽ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാൽ കലാപരമായ മികവോടെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു. സാങ്കേതികവിദ്യ വിരൽത്തുമ്പിൽ ലോകത്തെ എത്തിക്കുമ്പോൾ, മറുവശത്ത് പതുങ്ങിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സമൂഹത്തിന് നൽകാൻ ഇത്തരം സിനിമകൾക്ക് സാധിക്കും. പാവപ്പെട്ടവന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്ന ഡിജിറ്റൽ മാഫിയകൾ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണ്. കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന ഇത്തരം ക്രിമിനൽ ശൃംഖലകളെ തുറന്നുകാട്ടാൻ ഈ ചിത്രത്തിന് കഴിഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴിൽ വകുപ്പ് വഴിയും നാം ഉയർത്തിപ്പിടിക്കുന്ന സൈബർ സുരക്ഷാ അവബോധത്തിന് ഒരു വലിയ കരുത്താണ് ഈ സിനിമ. യുവാക്കളും വിദ്യാർത്ഥികളും പ്രത്യേകം കണ്ടിരിക്കേണ്ട ഒന്നാണിത്. ഒരു വലിയ ക്യാൻവാസിൽ, ഗൗരവമേറിയ വിഷയം വിട്ടുവീഴ്ചകളില്ലാതെ അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ഒന്നര പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ, കുഞ്ചാക്കോ ബോബൻ,ഫഹദ് ഫാസിൽ,നയൻതാര,രേവതി, ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമ, ആന്റോ ജോസഫിന്റെ മുൻകൈയ്യിൽ രൂപപ്പെട്ട ഒരു മഹേഷ് നാരായൺ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഉള്ള സിനിമയാണിത്.സിനിമയുടെ എല്ലാ പ്രവർത്തകർക്കും വിജയാശംസകൾ നേരുന്നു....
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം കാത്തിരിപ്പുകൾ ഒന്നും വിഫലമാക്കിയിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അഭിനേതാക്കളുടെ പ്രകടനവും മേക്കിങ്ങും സുഷിൻ ശ്യാമിന്റെ സംഗീതവും നല്ല പ്ലോട്ടും എല്ലാം കൂടിയപ്പോൾ പേട്രിയറ്റ് മികച്ചൊരു സിനിമയും ദൃശ്യാനുഭവവുമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചതെന്ന് പ്രതികരണങ്ങളിൽ നിന്നും ഉറപ്പിച്ച് പറയാനാകും.
.jpg)

