തിരക്കഥയിൽ പാളിച്ചയെങ്കിലും മികച്ച രാഷ്ട്രീയം: പാട്രിയറ്റ് ഫിലിം റിവ്യൂ

Patriot Film Review: Great Politics Despite Script Flaws

ട്രൂ ക്രിട്ടിക്

ആദ്യ ചിത്രമായ ടേക്ക് ഓഫിലൂടെ തന്നെ തന്റെ മികവ് കാണിച്ചുതന്ന സംവിധായകനാണ് മഹേഷ് നാരായണൻ. മുമ്പ് എഡിറ്ററായി നിരവധി മികച്ച സിനിമകൾ ചെയ്തിട്ടുള്ള അദ്ദേഹം ടേക്ക് ഓഫിന് ശേഷം കോവിഡ് കാലത്ത് സംവിധാനം ചെയ്ത സീ യൂ സൂൺ എന്ന ചിത്രം പുതുമകൾ നിറഞ്ഞതും, സാങ്കേതികമായി വളരെ ഉയർന്ന നിലവാരം പുലർത്തിയതുമായിരുന്നു. മൂന്നാമത്തെ ചിത്രമായ മാലിക്, തിരക്കഥയിലെ പാളിച്ചകൾ കാരണം ചിലയിടത്തെല്ലാം കൈമോശം വന്നെങ്കിലും നിലവാരമുള്ള ചിത്രം തന്നെയായിരുന്നു എന്ന് നിസ്സംശയം പറയാം. പിന്നാലെ വന്ന അറിയിപ്പ് എന്ന ചിത്രവും ശരാശരിക്കും മുകളിലുള്ള സിനിമാനുഭവമായിരുന്നു. ശേഷമാണ് മമ്മൂട്ടി-മോഹൻലാൽ എന്നീ വമ്പൻ താരങ്ങളെ അണിനിരത്തി അദ്ദേഹം 'പാട്രിയറ്റുമാ'യി വരുന്നത്. വളരെ ഉദ്വേഗജനകമായി തുടങ്ങി, കൈയടക്കത്തോടെ മുന്നോട്ട് പോയെങ്കിലും രണ്ടാം പകുതിയിൽ പ്രേക്ഷകരെ അത്രയധികം എൻഗേജിങ് ആക്കാൻ സാധിക്കാതെ പോകുന്ന ഒരു സിനിമയായാണ് പാട്രിയറ്റ് അനുഭവപ്പെടുന്നത്.

ഇന്ത്യൻ സർക്കാർ പെരിസ്‌കോപ്പ് എന്ന പേരിലുള്ള ഒരു സോഫ്റ്റ് വെയർ രാജ്യസുരക്ഷയ്ക്കായി കമ്മീഷൻ ചെയ്യുന്നു. എന്നാൽ പിന്നീടത് കേന്ദ്രത്തിലെ ഒരു മന്ത്രിയും, അദ്ദേഹത്തിന്റെ ബിസിനസുകാരനായ മകനും ചേർന്ന് തങ്ങളുടെ സ്വാർത്ഥലാഭങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് നായകനായ ഡോ. ഡാനിയൽ ജെയിംസ് തിരിച്ചറിയുകയും, അവർക്കെതിരായ പോരാടുകയും ചെയ്യുന്നതാണ് കഥാതന്തു. ഇതിനിടയിൽ ഡാനിയലിന് ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടിവരികയും, അദ്ദേഹത്തിന്റെ സഹായത്തിനായി മറ്റ് പലരും എത്തുകയും ചെയ്യുന്നതിലൂടെ കഥ വികസിക്കുന്നു.

തുടക്കത്തിൽ വളരെ കൈയടക്കത്തോടെയുള്ള കഥപറച്ചിലാണ് പാട്രിയറ്റിന്റേത്. സ്പൂൺ ഫീഡിങ് ഇല്ലാത്ത തരത്തിൽ വളരെ സ്വാഭാവികമായി പോകുന്ന കഥ പക്ഷേ ഒരു ഘട്ടമെത്തുമ്പോൾ പതിവ് രീതികളിലേയ്ക്ക് തന്നെ ചുരുങ്ങിപ്പോകുന്നത് ചെറുതായി മടുപ്പിക്കുന്നുണ്ട്. ഇതിനിടെ സെക്കൻഡ് ഹാഫിൽ കേണൽ റഹിം നായിക് ആയി എത്തുന്ന മോഹൻലാലിന്റെ പ്രകടനം ചിത്രത്തെ ത്രില്ലിങ് ആക്കുന്നുണ്ടെങ്കിലും, തിരക്കഥയിലെ കെട്ടുറപ്പില്ലായ്മ മുന്നോട്ട് പോകുംതോറും പ്രകടമാകുകയാണ് ചെയ്യുന്നത്.

അതേസമയം ചിത്രം മുന്നോട്ടു വയ്ക്കുന്ന വിഷയവും, രാഷ്ട്രീയവും കണ്ടില്ലെന്ന് നടിക്കാൻ സാധിക്കുന്നതല്ല. ഇസ്രായേലിൽ നിന്നും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ 'പെഗാസസ്' എന്ന സോഫ്റ്റ് വെയർ വാങ്ങുകയും, രാജ്യസുരക്ഷ എന്ന മറയ്ക്ക് പിന്നിലിരുന്ന് ആ സോഫ്റ്റ് വെയർ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും, രാഷ്ട്രീയ എതിരാളികളെയും നിരീക്ഷിക്കുന്നു എന്നതും ഈയിടെ വലിയ വിവാദമായ കാര്യമാണ്. സർക്കാർ അത് നിഷേധിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ ഫോണുകൾ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി ആരോപണമുണ്ടായിരുന്നു. ഈ വിഷയം തന്നെയാണ് പാട്രിയറ്റിൽ പെരിസ്‌കോപ്പ് എന്ന സോഫ്റ്റ് വെയറിന്റെ ദുരുപയോഗം കാട്ടിക്കൊണ്ട് സംവിധായകൻ പ്രതിപാദിക്കുന്നത്. അധികാരം കൈയാളുന്നവരും. സ്വകാര്യ കമ്പനികളും ചേർന്ന് എത്തരത്തിൽ സാങ്കേതികവിദ്യയെ സാധാരണക്കാർക്ക് എതിരായി ഉപയോഗിക്കുന്നു എന്നും ചിത്രം കാട്ടിത്തരുന്നുണ്ട്. ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമ, ധൈര്യപൂർവ്വം, അതേ സർക്കാർ തന്നെ ഭരിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്തിറക്കാൻ അണിയറക്കാർ കാണിച്ച ധൈര്യത്തെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.

ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകനത്തിലേയ്ക്ക് വന്നാൽ. ഡോ. ഡാനിയൽ ആയി മമ്മൂട്ടി സ്വാഭാവികാഭിനയം കാഴ്ചവച്ചിട്ടുണ്ട്. എക്‌സറ്റൻഡഡ് കാമിയോ റോളിലെത്തിയ മോഹൻലാൽ ആക്ഷൻ രംഗങ്ങളിലടക്കം മികച്ച പ്രകടനം നടത്തി. ഗൗരവം നിറഞ്ഞ റോളിൽ കുഞ്ചാക്കോ ബോബൻ നന്നായിട്ടുണ്ട്. ഫഹദ് ഫാസിലിന്റേത് എടുത്തുപറയത്തക്ക പ്രകടനമായി തോന്നിയില്ല. നയൻതാരയ്ക്കാകട്ടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അതേസമയം സെറിൻ ഷിഹാബിന്റെ പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. വളരെ തന്മയത്വത്തോടെ ഏറെ പ്രാധാന്യമുള്ള അയിഷ എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചിട്ടുണ്ട്.

സാങ്കേതികപരമായി പതിവ് മഹേഷ് നാരായണൻ സിനിമകൾക്കുള്ള ക്വാളിറ്റി പാട്രിയറ്റിലും കാണാം. സുഷിൻ ശ്യാമിന്റെ സംഗീതം ചിലയിടങ്ങളിൽ, പ്രത്യേകിച്ചും മോഹൻലാലിന്റെ ഒരു ആക്ഷൻ രംഗത്തിൽ വളരെ മികച്ചതായും, പുതുമയാർന്നതുമായി അനുഭവപ്പെട്ടു.

ചുരുക്കം: വളരെ പ്രസക്തിയുള്ള ഒരു വിഷയം അധികാരത്തെ പേടിക്കാതെ ധൈര്യപൂർവ്വം അവതരിപ്പിച്ചു എന്നതിൽ മഹേഷ് നാരായണനും സംഘത്തിനും അഭിമാനിക്കാം. ഒരു മമ്മൂട്ടി- മോഹൻലാൽ മാസ് സിനിമ പ്രതീക്ഷിക്കാതെ പോയാൽ പ്രേക്ഷകർക്കും നിരാശപ്പെടേണ്ടി വരില്ല.
 

Tags