വിനോദമാധ്യമങ്ങളിലും വിഡിയോ ഗെയിമിങ് രംഗത്തും സ്ത്രീകളെ ചിത്രീകരിക്കുന്നതിലെ ഇരട്ടത്താപ്പിനെ വിമർശിച്ച് പാർവതി തിരുവോത്ത്
വിനോദമാധ്യമങ്ങളിലും വിഡിയോ ഗെയിമിങ് രംഗത്തും സ്ത്രീകളെ ചിത്രീകരിക്കുന്നതിലെ ഇരട്ടത്താപ്പിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. ജിടിഎ 6 വിഡിയോ ഗെയിമിനെതിരെ ഉയരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്റർ നാദിയ കാർലിയുടെ ഇൻസ്റ്റഗ്രാം കുറിപ്പും, നർത്തകിയും കൊറിയോഗ്രാഫറുമായ ഹരിണി നീലകണ്ഠനുമായി നടത്തിയ ചാറ്റുമാണ് പാർവതി സ്റ്റോറിയായി പങ്കുവച്ചത്. വിനോദമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സാധാരണമായി മാറുമ്പോഴും, സ്ത്രീകൾക്ക് ബഹുമാനവും തുല്യതയും നൽകുന്ന രംഗങ്ങൾ വരുമ്പോൾ അതിനെ ഫെമിനിസ്റ്റ് പ്രചാരണം എന്ന് മുദ്രകുത്തുന്ന പ്രവണതയെയാണ് ഇവർ ചോദ്യം ചെയ്യുന്നത്.
ജിടിഎ 6-ന് ചുറ്റുമുള്ള വിമർശനങ്ങൾ എല്ലാം വ്യക്തമാക്കുന്നുണ്ട്. നമ്മുടെ വിനോദമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അത്രയേറെ ആഴത്തിൽ വേരൂന്നിക്കഴിഞ്ഞു, അതുകൊണ്ട് തന്നെ ആളുകൾ അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാറേയില്ല. എന്നാൽ ഒരു വിഡിയോ ഗെയിമിൽ സ്ത്രീകളെ ബഹുമാനിക്കുന്നതോ, സംരക്ഷിക്കുന്നതോ, തുല്യരായി കാണുന്നതോ കാണിച്ചാൽ പെട്ടെന്ന് എല്ലാവരും ഫെമിനിസ്റ്റ് പ്രചാരണം എന്ന് പറഞ്ഞ് ബഹളം വെക്കാൻ തുടങ്ങും.
ഈ ഇരട്ടത്താപ്പ് ശരിക്കും അതിശയിപ്പിക്കുന്നതാണ്. അങ്ങേയറ്റം മോശം തന്നെ എന്നാണ് നാദിയ കാർലി കുറിച്ചത്. സാമൂഹിക വിഷയങ്ങളിലും സിനിമാ മേഖലയിലെ ലിംഗസമത്വത്തെക്കുറിച്ചും കൃത്യമായ നിലപാടുകൾ എടുക്കാറുള്ള പാർവതിയുടെ ഈ സ്റ്റോറി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചക്ക് തുടക്കമിട്ടിട്ടുണ്ട്.
.jpg)

