‘നളിനി’യായി പാരിസ് ലക്ഷ്മി ; ‘ബാച്ച്ലർ പാർട്ടി Deux’ലെ ലുക്ക് പുറത്ത്

Paris Laxmi as ‘Nalini’; look from ‘Bachelor Party Deux’ revealed

 അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബാച്ച്ലർ പാർട്ടി Deux’-ലെ പാരിസ് ലക്ഷ്മിയുടെ വേറിട്ട ലുക്കിലുള്ള കഥാപാത്ര പോസ്റ്റർ പുറത്തുവന്നു. ‘നളിനി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പാരിസ് ലക്ഷ്മി അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് നവംബർ 19-നാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ടൊവിനോ തോമസ്, നസ്ലൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ എന്നിവരുടെ കഥാപാത്ര പോസ്റ്ററുകളും പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയിരുന്നു.

2012-ൽ പുറത്തിറങ്ങി സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക്കായി മാറിയ ആക്ഷൻ ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമാണ് 14 വർഷങ്ങൾക്ക് ശേഷം തികച്ചും ഒരു ‘ജെൻ-സി’ വൈബിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫ്രഞ്ച് ഭാഷയിൽ രണ്ട് എന്നോ ‘അവരെ കുറിച്ച്’ എന്നോ അർത്ഥം വരുന്നതാണ് ‘Deux’ എന്ന വാക്ക്. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും കോർത്തിണക്കിക്കൊണ്ടാണ് അമൽ നീരദ് ഈ രണ്ടാം ഭാഗം ഒരുക്കുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് ഈ വൻകിട ചിത്രം നിർമ്മിക്കുന്നത്.

Tags