പരാശക്തിക്ക് അദ്ദേഹത്തിന്റെ ആശീർവാദമുണ്ട് -ശിവ കാർത്തികേയൻ
ജനുവരി 9-ന് വിജയ് നായകനാകുന്ന ജനനായകനും പത്താം തീയതി ശിവ കാർത്തികേയന്റെ പരാശക്തിയും റിലീസ് ചെയ്യുകയാണ്. വിജയ് അഭിനയിക്കുന്ന അവസാനചിത്രമെന്ന പ്രത്യേകതയുള്ള ജനനായകൻ എത്തി തൊട്ടടുത്ത ദിവസംതന്നെ പരാശക്തി റിലീസ് ചെയ്യുന്നതിൽ വിജയ് ആരാധകർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശിവ കാർത്തികേയൻ.
'പരാശക്തി' ആദ്യം 2025 ദീപാവലിക്ക് റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് ശിവ കാർത്തികേയൻ പറഞ്ഞു. പരാശക്തിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ 'ജനനായകനും' ഇതേ സമയം റിലീസ് ചെയ്യുന്നതൊഴിവാക്കാനായി പരാശക്തിയുടെ റിലീസ് മാറ്റിവച്ചെന്നും ശിവകാർത്തികേയൻ പറഞ്ഞു. എന്നാൽ 'പരാശക്തി'യുടെ നിർമാതാവ് പൊങ്കൽ റിലീസ് തീയതി സൂചിപ്പിച്ചപ്പോൾ 'ജനനായകന്റെ' നിർമാതാക്കളും അതിനൊപ്പം നീങ്ങി. ഇതറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് ശിവ കാർത്തികേയൻ പറഞ്ഞു.
"ഞങ്ങളുടെ നിർമാതാവിനെ വിളിച്ച് റിലീസ് തീയതി മാറ്റാൻ കഴിയുമോ എന്ന് ചോദിച്ചു. എന്നാൽ ചിത്രത്തിനുവേണ്ടി പണം നിക്ഷേപിച്ചവരോട് ‘പരാശക്തി’ പൊങ്കലിന് റിലീസ് ചെയ്യുമെന്ന് അതിനോടകം അറിയിച്ചിരുന്നു. കൂടാതെ, 2026 വേനൽക്കാലത്തേക്ക് മാറ്റിയാൽ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് കാരണം റിലീസ് ബുദ്ധിമുട്ടാകുകയും ചെയ്യും." അദ്ദേഹം പറഞ്ഞു.
വിജയ്‌യുടെ മാനേജർ ജഗദീഷിനെയും വിളിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതായും താരം കൂട്ടിച്ചേർത്തു. “പൊങ്കലിന് രണ്ട് ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിൽ എന്താണ് പ്രശ്നമെന്ന് വിജയ്‌യുടെ മാനേജർ ചോദിച്ചു. നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടാകില്ല, പക്ഷെ എന്റെ സിനിമയ്ക്ക് ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞു. കാരണം 'ജനനായകൻ' വിജയ് സാറിന്റെ അവസാന ചിത്രമായിട്ടാണ് പ്രൊമോട്ട് ചെയ്യുന്നത്. അദ്ദേഹത്തോട് ഇതിനെക്കുറിച്ച് ചോദിക്കാമോ എന്ന് ചോദിച്ചിരുന്നു. വിജയിയുമായി സംസാരിച്ച ശേഷം ജഗദീഷ് തിരികെ വിളിച്ചിരുന്നു." ശിവകാർത്തികേയൻ പറയുന്നു.
.jpg)


