'പള്ളിച്ചട്ടമ്പി'യുടെ റിലീസ് നീട്ടി
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് തീയതിയിൽ മാറ്റം. മുൻപ് ഏപ്രിൽ 10 ന് നിശ്ചയിച്ചിരുന്ന ആഗോള റിലീസ്, സാങ്കേതിക കാരണങ്ങളാൽ ഏപ്രിൽ 15-ലേക്ക് മാറ്റിയിരിക്കുകയാണ്.
രാജ്യത്ത് നിലനിൽക്കുന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ഇതോടെ വിഷുദിന റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. 1950-60 കാലഘട്ടത്തിലെ കഥ പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ ടൊവിനോയുടെ വേറിട്ട ലുക്കും പ്രകടനവുമാണ് ട്രെയ്‌ലർ നൽകുന്ന പ്രധാന ആകർഷണം. സംവിധായകൻ ഡിജോ ജോസ് ആൻറണിയുടെ ക്രാഫ്റ്റും ചിത്രത്തിൻറെ സാങ്കേതിക മികവും സിനിമയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
അഞ്ച് ഭാഷകളിലായി ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രം വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോ എൻറർടെയിൻമെൻറ്സ് എന്നിവയുടെ ബാനറിൽ നൗഫൽ, ബ്രിജീഷ്, ചരൺ, ചാണുക്യ, ചൈതന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ടി. എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രത്തിന് ടിജോ ടോമിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. യൂട്യൂബിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ ‘കാട്ടുച്ചെമ്പകം‘ എന്ന പാട്ടിന് പിന്നാലെ എത്തിയ 'മാവീരാ..' എന്ന ഗാനവും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു.
കയാദു ലോഹർ നായികയാകുന്ന ചിത്രത്തിൽ വിജയരാഘവൻ, ടി.ജി. രവി, സിദ്ദിഖ്, ബാബുരാജ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിഷു ദിനങ്ങളിൽ സിനിമാപ്രേമികൾക്ക് ഒരു ദൃശ്യവിരുന്നായിരിക്കും 'പള്ളിച്ചട്ടമ്പി' സമ്മാനിക്കുകയെന്നാണ് സിനിമാ ലോകത്തെ സംസാരം.
.jpg)


