ഭരണകൂടം തല്ലിക്കെടുത്തിയ കൗമാരം: അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി "ഒഴിയാതെ" സെപ്റ്റംബർ 11ന്...
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഭരണകൂട ഭീകരതയ്ക്കും പോലീസ് ക്രൂരതയ്ക്കും ഇരയായ 19 സ്കൂൾ കുട്ടികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന 'ഒഴിയാതെ' എന്ന ചലച്ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ഫറൂഖ് അബ്ദുൾ റഹിമാൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടിയാണ്.
1976 ഓഗസ്റ്റിൽ പാലക്കാട് കൊടുവായൂർ ഹൈസ്കൂളിലെ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിച്ചിരുന്ന 15 വയസ്സിൽ താഴെയുള്ള 19 വിദ്യാർത്ഥികളെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് ജയിലിലടച്ചത്. അടിയന്തരാവസ്ഥക്ക് എതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തതിന്റെ പേരിൽ, സ്കൂളിൽ കയറി വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസ്, ഇടിവണ്ടിയിൽ കയറ്റി പുതുനഗരം പോലീസ് സ്റ്റേഷനിലേക്കും പിന്നീട് പാലക്കാട് ജില്ലാ ജയിലിലേക്കും മാറ്റുകയായിരുന്നു. കുട്ടികളാണെന്ന പരിഗണനപോലുമില്ലാതെ, ആദ്യദിവസം കുടിവെള്ളം പോലും നൽകാതെയാണ് പോലീസ് മർദിച്ചത്. 21 ദിവസത്തോളം കാരാഗൃഹത്തിൽ കഴിഞ്ഞ ഈ കുട്ടികളെ ഒടുവിൽ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് മോചിപ്പിച്ചത്. ഈ തടവിലാക്കക്കപ്പെട്ട സ്കൂൾ കുട്ടികളുടെ അനുഭവസാക്ഷ്യമാണ് ‘ഒഴിയാതെ’ എന്ന ചരിത്ര സിനിമ പറയുന്നത്.
സോണി സുകുമാരനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.മേതിൽ സതീശൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ: പ്രേംസായ്, കല: പ്രമോദ് പള്ളിയിൽ, വസ്ത്രാലങ്കാരം: ലത മോഹൻ, സൗണ്ട് ഡിസൈൻ & മിക്സ്: ഗണേഷ് മാരാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിൻസ് ജോസഫ്, കളറിംങ്ങ്: നിലേഷ് എം.ബി, പ്രൊഡക്ഷൻ കൺട്രോളർ: രാധാകൃഷ്ണൻ ചേലേരി, ഡിസൈൻസ്: സതീഷ് ദാമോദരൻ, പി.ആർ.ഒ: എ.എസ് ദിനേശ്, പി.ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം സൻഹാ സ്റ്റുഡിയോ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.
.jpg)

