വളരെ ലളിതവും ആയാസരഹിതവുമായ ഒരു വിവാഹമായിരുന്നു ഞങ്ങളുടെ സ്വപ്‌നം; പങ്കെടുത്തത് 15 പേർ മാത്രം' ; ഗ്രേസ് ആന്റണിയുമായുള്ള വിവാഹവിശേഷങ്ങള്‍ പങ്കുവെച്ച് എബി ടോം സിറിയക്

'Our dream was a very simple and effortless wedding; only 15 people attended'; Abby Tom Cyriac shares details of his wedding with Grace Antony
'Our dream was a very simple and effortless wedding; only 15 people attended'; Abby Tom Cyriac shares details of his wedding with Grace Antony


നടി ഗ്രേസ് ആന്റണിയുമായുള്ള വിവാഹവിശേഷങ്ങള്‍ പങ്കുവെച്ച് സംഗീതസംവിധായകന്‍ എബി ടോം സിറിയക്. തങ്ങളുടെ വിവാഹം കഴിഞ്ഞതായി കഴിഞ്ഞദിവസം ഗ്രേസ് അറിയിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെ പങ്കാളിയായ എബിയെ പരിചയപ്പെടുത്തിയ ഗ്രേസ്, ആളും ആരവവുമില്ലാതെ നടന്ന വിവാഹത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു. ഒമ്പതുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹമെന്നും ഗ്രേസ് അറിയിച്ചിരുന്നു.

tRootC1469263">

ഇപ്പോള്‍ തങ്ങളുടെ വിവാഹവിവരം സുഹൃത്തുക്കളേയും ആരാധകരേയും അറിയിച്ചിരിക്കുകയാണ് എബി. മാതാപിതാക്കളും സഹോദരങ്ങളും മാത്രം അടങ്ങിയ ലളിതമായ ചടങ്ങിലായിരുന്നു വിവാഹമെന്ന് എബി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു. 15 പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും എബി കുറിച്ചു.

'പ്രിയപ്പെട്ടവരെ, ഞാനും ഗ്രേസ് ആന്റണിയും ചൊവ്വാഴ്ച വിവാഹിതരായി എന്ന സന്തോഷവാര്‍ത്ത നിങ്ങളെല്ലാവരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന 15 പേര്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായ ഒരു ചടങ്ങായിരുന്നു അത്. അതുകൊണ്ട് നിങ്ങളാരെയും വിളിക്കാനോ അറിയിക്കാനോ കഴിഞ്ഞില്ല. 

വളരെ ലളിതവും ആയാസരഹിതവുമായ ഒരു വിവാഹമായിരുന്നു ഞങ്ങളുടെ സ്വപ്‌നം. ഞങ്ങളുടെ മാതാപിതാക്കളും അതിനെ പിന്തുണച്ചു. അതിനാല്‍ യാതൊരുവിധ മാനസിക പിരിമുറുക്കങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ഞങ്ങളുടെ വിവാഹദിവസം വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ഞങ്ങളെ അനുഗ്രഹിക്കണം, നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണം', എന്നായിരുന്നു എബിയുടെ കുറിപ്പ്.

ചൊവ്വാഴ്ച സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച രണ്ട് പോസ്റ്റുകളിലാണ്‌ ഗ്രേസ് വിവാഹക്കാര്യം അറിയിച്ചത്. ജസ്റ്റ് മാരീഡ് എന്ന ഹാഷ്ടാഗോടെയായിരുന്നു ആദ്യ പോസ്റ്റ്. ഇതില്‍ വരന്‍ ആരാണെന്നതടക്കം ഗ്രേസ് വെളിപ്പെടുത്തിയിരുന്നില്ല. ആളും ആരവവും ബഹളങ്ങളും വെളിച്ചവുമില്ലാതെ തങ്ങള്‍ അത് നടത്തിയെന്നുമായിരുന്നു കുറിപ്പ്. 'ഒമ്പതുവര്‍ഷങ്ങള്‍ക്കുശേഷം' എന്ന അടിക്കുറിപ്പോടെ പിന്നീട് പങ്കുവെച്ച പോസ്റ്റിലാണ് എബി ടോം സിറിയക് ആണ് പങ്കാളി എന്ന് വെളിപ്പെടുത്തിയത്.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ എബി സിറിയക് തോമസിന്റേയും ഷാജി സിറിയകിന്റേയും മകനാണ്. മ്യൂസിക് പ്രോഗ്രാമറും അറേഞ്ചറും കൂടിയായ എബി, ഒട്ടേറെ മലയാളം ചിത്രങ്ങളുടെ സംഗീതവിഭാഗത്തില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വതന്ത്രസംഗീതസംവിധായകനെന്ന നിലയില്‍ ഏഴോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച എബി, പൃഥ്വിരാജ് നായകനായ 'പാവാട'യിലെ പാട്ടുകളിലൂടെയാണ് ശ്രദ്ധേയനായത്.

ഒമര്‍ ലുലു സംവിധാനംചെയ്ത 'ഹാപ്പി വെഡ്ഡിങ്ങി'ലൂടെയായിരുന്നു ഗ്രേസ് ആന്റണിയുടെ അരങ്ങേറ്റം. കുമ്പളങ്ങി നൈറ്റ്‌സിലെ വേഷം ഗ്രേസിനെ കൂടുതല്‍ ശ്രദ്ധേയയാക്കി. ജോര്‍ജേട്ടന്‍സ് പൂരം, തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം, റോഷാക്ക് എന്നിവയിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പറന്തു പോ ആണ് ഗ്രേസിന്റേതായി അവസാനം തീയേറ്ററിലെത്തിയ ചിത്രം. എക്‌സ്ട്രാ ഡീസന്റ് ആണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.

Tags