‘ഓട്ടം തുള്ളൽ’ ജൂലൈ 24-ന് എത്തും

ottamthullal

 ‘പാവാട’, ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ആറാമത്തെ ചിത്രം ‘ഓട്ടം തുള്ളൽ’ റിലീസിന് തയ്യാറെടുക്കുന്നു. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന രസകരമായ ടാഗ് ലൈനോടെ എത്തുന്ന ചിത്രം ജൂലൈ 24-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. ബിനു ശശിറാം രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ ആദ്യാവസാനം ചിരി പടർത്തുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചനകൾ.

മലയാളത്തിലെ പ്രിയ താരങ്ങളായ വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖിൽ, ജിയോ ബേബി തുടങ്ങിയ വലിയൊരു താരനിരയും അണിനിരക്കുന്നുണ്ട്. സിറിയക് ആലഞ്ചേരി കോ-പ്രൊഡ്യൂസറായ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ഹിരൺ മഹാജനും ജി. മാർത്താണ്ഡനുമാണ്. കുടുംബപ്രേക്ഷകരെയും ചെറുപ്പക്കാരെയും ഒരുപോലെ ആകർഷിക്കുന്ന ഘടകങ്ങളോടെ എത്തുന്ന ‘ഓട്ടം തുള്ളൽ’ ഈ വർഷത്തെ മികച്ചൊരു കോമഡി വിരുന്നായിരിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

Tags