ഒടിടി റൈറ്റ്സില്‍ നമ്പര്‍ 1 വിജയ്! 'ജനനായകന്‍റെ' സ്ട്രീമിംഗ് റൈറ്റ്സ് തുകയില്‍ ഞെട്ടി കോളിവുഡ്


സൂക്ഷിച്ചാണ് ഒടിടി പ്ലാറ്റ്‍ഫോമുകള്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. പ്രത്യേകിച്ചും മലയാള സിനിമകള്‍. എന്നാല്‍ തമിഴ് അടക്കമുള്ള വലിയ ഇന്‍ഡസ്ട്രികളിലെ ബിഗ് ബജറ്റ് പടങ്ങളോട് ഇന്നും സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമുകള്‍ക്ക് വലിയ താല്‍പര്യമുണ്ട്. ഇപ്പോഴിതാ അതിന്‍റെ ഏറ്റവും പുതിയ തെളിവായി വിജയ്‍ ചിത്രം ജനനായകന്‍ ഒടിടി റൈറ്റ്സ് ഇനത്തില്‍ നേടിയിരിക്കുന്ന തുക പുറത്തെത്തിയിരിക്കുകയാണ്.
ഇന്ത്യ ഗ്ലിറ്റ്സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ ആണ്. മറ്റൊരു പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിനും ചിത്രം താല്‍പര്യമുണ്ടായിരുന്നുവെന്നും അതിനാല്‍ കൂടുതല്‍ തുക മുടക്കിയാണ് പ്രൈം വീഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. കോളിവുഡില്‍ നിന്ന് വരാനിരിക്കുന്ന മറ്റൊരു വന്‍ ചിത്രം, രജനികാന്തിന്‍റെ കൂലിയേക്കാള്‍ മുകളിലാണ് ജനനായകന്‍ നേടിയിരിക്കുന്ന ഒടിടി തുക എന്നാണ് റിപ്പോര്‍ട്ട്.

കൂലിയുടെ ഒടിടി റൈറ്റ്സും പ്രൈം വീഡിയോ തന്നെയാണ് സ്വന്തമാക്കിയിരുന്നത്. കൂലി 120 കോടിയാണ് നേടിയിരുന്നതെങ്കില്‍ ജനനായകന് ലഭിച്ചിരിക്കുന്നത് 121 കോടിയാണ്. ഈ ഒരു കോടിയുടെ വ്യത്യാസം തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ഒടിടി റൈറ്റ്സ് തുകയാണ് ഇത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‍യുടെ അവസാന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് ജനനായകന്‍. എച്ച് വിനോദ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും