ഇപിയും ശൈലജയും പി.ബിയിൽ ഇടം നേടിയില്ല, പുതുമുഖമായി വിജു കൃഷ്ണൻ


കണ്ണൂർ : സിപിഎം പോളിറ്റ് ബ്യൂറോയിൽ മലയാളിയായ വിജു കൃഷ്ണൻ ഇടംനേടിയപ്പോൾ ഏറെ പ്രതീക്ഷിച്ചിരുന്ന കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനെ ഉൾപ്പെടുത്തിയില്ല. കണ്ണൂരിൽ നിന്നും ദേശീയ തലത്തിൽ ഉയർന്നുവന്ന നേതാവാണ് വിജു കൃഷ്ണൻ അവസാന ടേമെന്ന നിലയിൽ ഇപി യെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും തഴയുകയായിരുന്നു. മറ്റൊരു കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ ശൈലജയെയും പൊളിറ്റ്ബ്യൂറോയിലേക്ക് പരിഗണിച്ചില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരാണ് കണ്ണുരിൽ നിന്നുള്ള മറ്റു പി ബി അംഗങ്ങൾ. എം.എ ബേബി ജനറൽ സെക്രട്ടറിയായി 18 അംഗ പിബിയാണ് നിലവിൽ വന്നത്. പിബിയിലെ പ്രായ പരിധിയടക്കം മുൻനിർത്തിയുണ്ടായ ഒഴിവുകളിലേക്ക് ഏഴ് പേരെ പുതുതായി തിരഞ്ഞെടുത്തിട്ടുണ്ട്.

യു വാസുകി, മറിയം ധാവ്‌ളെ എന്നിവരാണ് വനിതാ അംഗങ്ങൾ ആന്ധ്രപ്രദേശിൽ നിന്ന് അരുൺകുമാർ, പശ്ചിമബംഗാളിൽ നിന്ന് ശ്രീദീപ് ഭട്ടാചാര്യ, രാജസ്ഥാനിൽ നിന്ന് അംറാ റാം, തമിഴ്നാട്ടിൽ നിന്ന് ബാലകൃഷ്ണൻ എന്നിവരാണ് പിബിയിലെത്തിയ മറ്റ് പുതുമുഖങ്ങൾ. അന്തരിച്ച മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒഴിവും പ്രായപരിധി കാരണം ആറ് പേരുടെ ഒഴിവുമായിരുന്നു പിബിയിൽ ഉണ്ടായിരുന്നത്.
എന്നാൽ കഴിഞ്ഞ തവണ അനുവദിച്ചത് പോലെ ഇത്തവണയും പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകിയതിനാൽ പോളിറ്റ് ബ്യൂറോയിൽ തുടരും. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി രാമകൃഷ്ണൻ എന്നിവരാണ് ഒഴിഞ്ഞ പി ബി അംഗങ്ങൾ. പിണറായി വിജയന് മാത്രമാണ് പ്രായപരിധിയിൽ ഇളവ് നൽകിയിരിക്കുന്നത്.