‘ബൾട്ടി’യുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

Shane Nigam's 'Balti' hits theaters

ഷെയ്ൻ നിഗം നായകനായ  ചിത്രമാണ് 'ബൾട്ടി'. ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി. കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി ഒമ്പതിന് ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുന്നത്.

tRootC1469263">

നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശത്തെ നാല് യുവാക്കളുടെ കഥയാണ് പറയുന്നത്. കബഡിയുടെ പശ്ചാത്തലത്തിലാണ് ബള്‍ട്ടി ഒരുക്കിയിരിക്കുന്നത്.

പഞ്ചമി റൈഡേഴ്‍സ് എന്ന കബഡി ക്ലബിന്റെ എല്ലാമെല്ലാമാണ് കാപ്റ്റൻ കുമാറും ബള്‍ട്ടി പ്ലെയര്‍ ഉദയനുമടക്കമുള്ളവര്‍. ഗ്രൗണ്ടില്‍ അസാധ്യ മെയ്‍വഴക്കത്തിലൂടെ കബഡി മത്സരം കളിക്കുന്ന ഈ സുഹൃത്തുക്കളുടെ കഥക്കൊപ്പം അന്നാട്ടില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന മൂന്ന് സംഘം വട്ടിപ്പലിശക്കാരുടെ പകയും പ്രതികാരവും ചതിയും കൊടുംക്രൂരതയുമെല്ലാം പറയുന്നുണ്ട്.

ചിത്രത്തിൽ ഷെയ്നൊപ്പം ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി, അൽഫോൺസ് പുത്രൻ, സെൽവരാഗവൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സായ് അഭ്യങ്കർ ആണ് ചിത്രത്തിനായി സംഗീത ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ് എന്നിവർ നിർവഹിച്ചിരിക്കുന്നു. പാര്‍സ് ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണക്കാര്‍.

ഇന്ത്യക്കൊപ്പം ഗള്‍ഫിലും റീലീസായ ബള്‍ട്ടി എന്ന സിനിമയുടെ ദുബൈയിലെ പ്രമോഷന്‍ പരിപാടികളില്‍ നടിയും നായികയുമായ പ്രീതി അസ്‌റാനി, ശാന്തനു ഭാഗ്യരാജ്, നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, കാമാറമാന്‍ അലക്‌സ് ജെ. പുളിക്കല്‍ എന്നിവർ പങ്കെടുത്തിരുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ബൾട്ടിക്ക് ലഭിച്ചത്. ആദ്യ ദിനം മുതൽ ഗംഭീര പ്രതികരണം ലഭിച്ച ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്.

Tags