ജയസൂര്യ നായകനായ ‘ഓപ്പറേഷൻ ത്രാൾ’ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി
ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന വമ്പൻ പാൻ ഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയായി. സിനിമയുടെ പാക്കപ്പ് പാർട്ടിയുടെ ദ്യശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കേരളം, കോയമ്പത്തൂർ, ഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ‘കിഷ്കിന്ധാ കാണ്ഡം’, ‘രോമാഞ്ചം’, ‘കസബ’, ‘അബ്രഹാമിന്റെ സന്തതികൾ’ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഇതിനെ നോക്കിക്കാണുന്നത്.
ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാഷണൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം വലിയ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും ഉൾക്കൊള്ളുന്നതാണ്. രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായി വേൾഡ് വൈഡ് റിലീസിനാണ് ഒരുങ്ങുന്നത്.
ജോബി ജോർജ് തടത്തിൽ നിർമ്മിച്ച് സുനിമോൾ ജോബി സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ, സിറാജുദ്ദീൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നജോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
.jpg)

