‘ഓം’ നവംബർ 20-ന് തിയറ്ററുകളിലെത്തും

OM

 രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഓം’ നവംബർ 20-ന് തിയറ്ററുകളിലെത്തുന്നു. ‘പേരൻപി’ന് ശേഷം ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ ‘ബർമ കാർത്തികേയൻ’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പ്രീ-റിലീസ് ചടങ്ങിൽ മമ്മൂട്ടിയും ധനുഷും പങ്കുവെച്ച വിശേഷങ്ങളും തമാശ നിറഞ്ഞ സംഭാഷണങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പേരൻപിന് ശേഷം തമിഴിൽ നല്ലൊരു അവസരത്തിനായി ഒരുപാട് പേരോട് ചോദിച്ചിരുന്നെങ്കിലും ആരും അവസരം നൽകിയിരുന്നില്ലെന്ന് മാസ്സ് സ്റ്റൈലിൽ മമ്മൂട്ടി പറഞ്ഞു. “രജനി സാറിനൊപ്പവും ധനുഷ് സാറിനൊപ്പവും ഞാൻ അഭിനയിച്ചു കഴിഞ്ഞു, ഇനി ധനുഷിന്റെ മകനൊപ്പം അഭിനയിക്കാനാണ് ആഗ്രഹം,” എന്ന് താരം തമാശയായി കൂട്ടിച്ചേർത്തു. ചിത്രത്തിൽ ധനുഷിന്റെ പ്രകടനം അസാധാരണമാണെന്നും സായ് പല്ലവി ബ്രൂസ് ലീയെപ്പോലെയാണ് ഫൈറ്റ് ചെയ്യുന്നതെന്നും പറഞ്ഞ മമ്മൂട്ടി, ‘ഓം’ പ്രേക്ഷകരുടെ ഉള്ളുതൊടുന്ന ഒരു സീരിയസ് സിനിമയായിരിക്കുമെന്നും വ്യക്തമാക്കി.

നേരത്തെ മമ്മൂട്ടി വളരെ ഗൗരവക്കാരനായ വ്യക്തിയാണെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ ‘ഓം’ സിനിമയുടെ സെറ്റിൽ വെച്ചാണ് അദ്ദേഹം എത്രത്തോളം മധുരമായി പെരുമാറുന്ന, സ്നേഹമുള്ള, തമാശക്കാരനായ വ്യക്തിയാണെന്ന് മനസ്സിലായതെന്നും ധനുഷ് പറഞ്ഞു. മമ്മൂട്ടി യഥാർത്ഥ ജീവിതത്തിൽ ഒരു ‘മരണമാസ്സ്’ ആളാണെന്നും ധനുഷ് കൂട്ടിച്ചേർത്തു. സായ് പല്ലവി, ധനുഷ്, മമ്മൂട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.

Tags