‘ഒ.എം – ഓപ്പറേഷൻ മോൾ’ ട്രെയിലർ പുറത്ത്
സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് – മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ബിഗ് ബജറ്റ് ചിത്രം ‘ഒ.എം – ഓപ്പറേഷൻ മോൾ’ സിനിമയുടെ ഔദ്യോഗിക ട്രെയിലർ പുറത്തുവന്നു. ‘അമരൻ’ എന്ന ബ്രഹ്മാണ്ഡ വിജയ ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം നവംബർ 20-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ആക്ഷനും വൈകാരിക സംഘർഷങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന മികച്ചൊരു സിനിമാറ്റിക് അനുഭവമായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
കാടിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ചന്ദനക്കടത്തുമായി ബന്ധപ്പെട്ട അധോലോക സംഭവങ്ങളും നിയമവും അധികാരവും തമ്മിലുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. റെഡ് ഹിൽസ് കാർത്തികേയൻ എന്ന ശക്തമായ കഥാപാത്രമായാണ് മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ ധനുഷ് അവതരിപ്പിക്കുന്നു. ഐ.പി.എസ് / സി.ബി.ഐ ഉദ്യോഗസ്ഥയായ നിത്യ റെഡ്ഡി എന്ന കഥാപാത്രമായി സായ് പല്ലവി എത്തുമ്പോൾ, നിയമവിരുദ്ധമായ ചന്ദനക്കടത്ത് തടയാനുള്ള നിർണായക ദൗത്യത്തിനാണ് അവർ നേതൃത്വം നൽകുന്നത്.
ധനുഷും സായ് പല്ലവിയും ‘മാരി 2’ ന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിയും ധനുഷും സായ് പല്ലവിക്കുമൊപ്പം ശ്രീലീല, നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ് തുടങ്ങി വ്യത്യസ്ത തലമുറകളിലെ പ്രമുഖ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സായ് അഭ്യങ്കർ ഒരുക്കിയ സംഗീതവും പശ്ചാത്തലസംഗീതവും ട്രെയിലറിലെ ദൃശ്യങ്ങളുടെ തീവ്രതയേറെ വർധിപ്പിച്ചിരിക്കുന്നു. ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസും, ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസുമാണ് സ്വന്തമാക്കിയിരിക്കുന്നത്.
.jpg)

