തെലുങ്ക് സംസ്ഥാനങ്ങളില്‍ ബോക്സ് ഓഫീസ് സര്‍പ്രൈസുമായി 'ദൃശ്യം 3'

drishyam 3

മലയാള സിനിമകളുടെ മൊഴിമാറ്റ പതിപ്പുകള്‍ക്ക് ഏറ്റവുമധികം കളക്ഷന്‍ വരുന്നത് തെലുങ്ക് സംസ്ഥാനങ്ങളിലാണ്. ഇപ്പോഴിതാ ദൃശ്യം 3 തെലുങ്ക് പതിപ്പിനെയും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട് ആന്ധ്ര പ്രദേശിലെയും തെലങ്കാനയിലെയും പ്രേക്ഷകര്‍. ഇപ്പോഴിതാ അതിന്‍റെ കൗതുകകരമായ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്. ഒരു മലയാള ചിത്രത്തിന്‍റെ മറുഭാഷാ പതിപ്പുകള്‍ ഒരേ ദിവസം തിയറ്ററുകളില്‍ എത്തുന്നത് ആദ്യമായിരുന്നു. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ 21-ാം തീയതിയാണ് ദൃശ്യം 3 നാല് ഭാഷകളില്‍ തിയറ്ററുകളില്‍ എത്തിയത്. ചിത്രം വിവിധ സംസ്ഥാനങ്ങളില്‍ നേടിയ കളക്ഷനും അതിന്‍റെ ബ്രേക്ക്ഡൗണും എത്രയെന്ന് നോക്കാം.


ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം മൂന്ന് ദിവസം കൊണ്ട് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് ദൃശ്യം 3 നേടിയത് 5.10 കോടി ഗ്രോസ് ആണ്. ഡിസ്ട്രിബ്യൂട്ടര്‍ ഷെയറാവട്ടെ 2.51 കോടിയും. ശനിയാഴ്ച മാത്രം 1.60 കോടിയില്‍ അധികമാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രം നേടിയത്. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും ആന്ധ്രയിലും തെലങ്കാനയിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതില്‍ വിവിധ ഭാഷാ പതിപ്പുകളുടെ വേര്‍തിരിച്ചുള്ള കണക്കുകളാണ് കൗതുകകരം. ട്രാക്കര്‍ ആയ ജെറിന്‍ ജോര്‍ജുകുട്ടിയുടെ കണക്ക് പ്രകാരം ഇതില്‍ തെലുങ്ക് പതിപ്പ് മാത്രം നേടിയത് 4.40 കോടിയാണ്. മലയാളം നേടിയതാവട്ടെ 62 ലക്ഷവും. അതായത് മലയാളം പതിപ്പ് നേടിയതിന്‍റെ ഏഴ് മടങ്ങാണ് തെലുങ്ക് പതിപ്പ് അവിടെ നേടിയത്. തമിഴ് പതിപ്പ് മറ്റൊരു 8 ലക്ഷവും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് നേടിയിട്ടുണ്ട്.

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി പിന്നിട്ട് ചിത്രം കുതിപ്പ് തുടരുകയാണ്. വെറും 3 ദിവസം കൊണ്ടാണ് ദൃശ്യം 3 ഈ നേട്ടം സ്വന്തമാക്കിയത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രവുമായി മാറി ഇതോടെ ദൃശ്യം 3. ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ചിത്രം എമ്പുരാന്‍ ആണ്. രണ്ട് ദിവസം കൊണ്ടാണ് എമ്പുരാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ആഗോള തലത്തില്‍ 67 രാജ്യങ്ങളിലാണ് ഒരേ ദിവസം ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ലഭിച്ചത്രയും പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ചില്ലെങ്കിലും ബോക്സ് ഓഫീസില്‍ അതൊന്നും ഒരു തടസമായില്ല.

Tags