‘ഒബ്‌സെഷൻ’ ഒടിടിയിലേക്ക് !
വമ്പൻ താരനിരകളില്ലാതെ, വളരെ കുറഞ്ഞ ബജറ്റിൽ ഒരുങ്ങി ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ തരംഗമായി മാറിയ ഹോളിവുഡ് ഹൊറർ ചിത്രം ‘ഒബ്‌സെഷൻ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രശസ്ത യൂട്യൂബറും കൊമേഡിയനുമായ കറി ബാർക്കർ സംവിധാനം ചെയ്ത ഈ ചിത്രം ജൂൺ 30 മുതൽ ആപ്പിൾ ടിവിയിലൂടെ പ്രേക്ഷകരിലേക്ക് എത്തും. തിയേറ്ററുകളിൽ വലിയ സെൻസറിങ് നിയന്ത്രണങ്ങളോടെ പ്രദർശിപ്പിച്ച സിനിമയുടെ കട്ട് ചെയ്യാത്ത ഒറിജിനൽ അൺകട്ട് പതിപ്പാണ് ഒടിടിയിലൂടെ സ്ട്രീം ചെയ്യുക എന്നത് സിനിമാ പ്രേമികളെ ആവേശത്തിലാക്കിയിട്ടുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രീമിയറിന് പിന്നാലെ ‘ഫോക്കസ് ഫീച്ചേഴ്‌സ്’ വിതരണാവകാശം ഏറ്റെടുത്ത ചിത്രം ആദ്യദിനം മുതൽ തിയേറ്ററുകളിൽ വൻ കുതിപ്പാണ് നടത്തിയത്.
കേരളത്തിൽ നിന്ന് മാത്രം 5 കോടിയോളവും, ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് 78 കോടിയോളം രൂപയും ഇതിനോടകം ഈ ചിത്രം നേടിക്കഴിഞ്ഞു. ഹോളിവുഡിലെ വൻകിട ചിത്രങ്ങളെപ്പോലും പിന്തള്ളി നിർമ്മാണച്ചെലവിന്റെ പത്തിരട്ടിയോളമാണ് സിനിമ ആഗോളതലത്തിൽ വാരിക്കൂട്ടിയത്. ചിത്രത്തിന്റെ മേക്കിങ് മികവിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇൻഡീ നവരെറ്റ, മൈക്കിൾ ജോൺസ്റ്റൺ എന്നിവരുടെ പ്രകടനങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റി. വെറും 800 ഡോളർ ബജറ്റിൽ യൂട്യൂബിൽ റിലീസ് ചെയ്ത് തരംഗമായ ‘മിൽക്ക് ആന്റ് സീരിയൽ’ എന്ന ഹൊറർ ചിത്രത്തിന് ശേഷം കറി ബാർക്കർ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. ഹൊറർ പ്രേമികളെ ഒരേപോലെ ഭയപ്പെടുത്തുകയും ആകർഷിക്കുകയും ചെയ്ത ഈ ചിത്രം ഒടിടിയിലും വലിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.jpg)

