കേരളത്തിലും തരംഗമായി ഹൊറർ ചിത്രം ‘ഒബ്‌സെഷൻ’

obsession

 വമ്പൻ താരനിരയോ കോടികളുടെ ബജറ്റോ ഇല്ലാതെ ആഗോള ബോക്‌സ് ഓഫീസിൽ വിസ്മയമായി മാറുകയാണ് ഹോളിവുഡ് ഹൊറർ ചിത്രം ‘ഒബ്‌സെഷൻ’. ലോകമെമ്പാടും തരംഗം സൃഷ്ടിക്കുന്ന ചിത്രം ഹോളിവുഡിൽ മാത്രമല്ല, ഇങ്ങ് കൊച്ചു കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. പ്രശസ്ത യൂട്യൂബറും കൊമേഡിയനുമായ കറി ബാർക്കർ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ നിർമ്മാണച്ചെലവിന്റെ പത്തിരട്ടിയോളമാണ് തിയേറ്ററുകളിൽ നിന്ന് കൊയ്തത്.

മേയ് 15-ന് തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിൽ ആദ്യ വാരം പതിഞ്ഞ താളത്തിലാണ് തുടങ്ങിയതെങ്കിലും, മികച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ രണ്ടാം വാരം കൂടുതൽ സ്‌ക്രീനുകളിലേക്ക് വ്യാപിച്ചു. നിലവിൽ കേരളത്തിൽ നിന്ന് മാത്രം ചിത്രം 2 കോടി രൂപയ്ക്ക് മുകളിൽ നേടിക്കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും തിയേറ്ററുകളിൽ തിരക്ക് വർദ്ധിച്ചുവരികയാണ്. വെറും 9 കോടി രൂപ (ഏകദേശം) ബജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോളതലത്തിൽ ഇതിനോടകം 100 കോടി രൂപയിലധികം കളക്ട് ചെയ്ത് റെക്കോർഡിട്ടു. ഹോളിവുഡിൽ ഇത്രയും കുറഞ്ഞ ബജറ്റിൽ ഒരു ചിത്രം നിർമ്മിച്ച് ഇത്ര വലിയ വിജയം നേടുന്നത് അത്യപൂർവ്വമാണ്.

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടന്ന പ്രീമിയറോടെയാണ് ‘ഒബ്‌സെഷൻ’ ശ്രദ്ധിക്കപ്പെടുന്നത്. അവിടെ വെച്ച് വൻ തുകയ്ക്ക് ചിത്രത്തിന്റെ വിതരണാവകാശം പ്രമുഖ കമ്പനിയായ ‘ഫോക്കസ് ഫീച്ചേഴ്‌സ്’ സ്വന്തമാക്കി. തിയേറ്ററുകളിലെത്തിയ ആദ്യ ദിവസം മുതൽ ‘The Devil Wears Prada’ ഉൾപ്പെടെയുള്ള മുൻനിര ചിത്രങ്ങളുടെ റിലീസ് റെക്കോർഡുകളെ പിന്തള്ളിയാണ് ഒബ്‌സെഷൻ മുന്നേറുന്നത്. ചിത്രത്തിന്റെ വ്യത്യസ്തമായ മേക്കിങ്ങിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇൻഡീ നവരെറ്റ, മൈക്കിൾ ജോൺസ്റ്റൺ എന്നിവരുടെ പ്രകടനവും വലിയ രീതിയിൽ പ്രേക്ഷക-നിരൂപക പ്രശംസ നേടുന്നുണ്ട്. സംവിധായകൻ കറി ബാർക്കറുടെ ആദ്യ ചിത്രമായ ‘മിൽക്ക് ആന്റ് സീരിയൽ’ 2024-ൽ യൂട്യൂബിലൂടെയാണ് റിലീസ് ചെയ്തത്. വെറും 800 ഡോളർ മാത്രം ചെലവിട്ട് നിർമ്മിച്ച ആ ഹൊറർ ചിത്രവും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. ഒബ്‌സെഷന്റെ വൻ വിജയത്തിന് ശേഷം കറി ബാർക്കർ ഒരുക്കുന്ന അടുത്ത ചിത്രവും ഒരു ഹൊറർ ത്രില്ലറാണ്. പ്രശസ്ത ഹോളിവുഡ് താരം ആരോൺ പോൾ ആയിരിക്കും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുക.

Tags