ദക്ഷിണ സിനിമകളിൽ ഉത്തരേന്ത്യൻ നടിമാരെ കാസ്റ്റ് ചെയ്യുന്നത് അവർക്ക് കൂടുതൽ വെളുത്ത നിറമുള്ളതുകൊണ്ടാണ് : രാധിക ആപ്തെ

North Indian actresses are cast in South Indian films because they have a fairer complexion: Radhika Apte

 തെന്നിന്ത്യൻ സിനിമാമേഖലയിൽനിന്ന് താൻ വിട്ടുനിൽക്കാനുള്ള യഥാർഥ കാരണങ്ങൾ തുറന്നുപറഞ്ഞ് ബോളിവുഡ് താരം രാധിക ആപ്തെ. തെലുങ്ക്-ഹിന്ദി ചിത്രങ്ങളിലൂടെ സൗത്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം, 'കബാലി', 'വെട്രി സെൽവൻ', 'ലയൺ' തുടങ്ങിയ പ്രമുഖ ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. എന്നാൽ, വർഷങ്ങളായി താരം തെന്നിന്ത്യൻ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.  

'എന്റെ കാഴ്ചപ്പാടിൽ, ദക്ഷിണ സിനിമകളിൽ ഉത്തരേന്ത്യൻ നടിമാരെ കാസ്റ്റ് ചെയ്യുന്നത് അവർക്ക് കൂടുതൽ വെളുത്ത നിറമുള്ളതുകൊണ്ടാണ്. ഞാൻ അത്ര വെളുത്ത നിറമുള്ളവളല്ല. എന്തുകൊണ്ടാണ് തെന്നിന്ത്യൻ സിനിമകളിൽ അവിടത്തെ സ്വന്തം നടിമാരെ കാസ്റ്റ് ചെയ്യാതെ മുംബൈയിൽ നിന്ന് നടിമാരെ കൊണ്ടുവരുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇവിടെ ആളുകൾക്ക് വിദേശികളോടാണ് പ്രിയം. നമുക്ക് എപ്പോഴും ആ ഒരു പ്രവണതയുണ്ട്,' രാധിക വ്യക്തമാക്കി.

തെന്നിന്ത്യൻ സ്ത്രീകൾ അത്യന്തം സുന്ദരിമാരും മികച്ച പ്രതിഭകളുമാണെന്നും, അവിടുത്തെ ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്നവരാണെന്നും താരം പറഞ്ഞു. ഭാഷ അറിയാത്ത, ഡബ്ബിങ് ആർട്ടിസ്റ്റുകളെ ആശ്രയിക്കുന്ന മുംബൈ നടിമാരെ കൊണ്ടുപോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും, താൻ അതിനെ ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഭാഷാപരമായ വെല്ലുവിളികളും തെന്നിന്ത്യൻ സിനിമകളിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായെന്ന് രാധിക പറയുന്നു. ഭാഷ വശമില്ലാതെ അഭിനയിക്കുന്നത് ആ കഥാപാത്രത്തോട് ചെയ്യുന്ന നീതികേടാണ്. ഭാഷ അറിയാമെങ്കിൽ മാത്രമേ സെറ്റിൽ വെച്ചുള്ള സാഹചര്യങ്ങൾക്കനുസരിച്ച് സ്വാഭാവികമായി അഭിനയിക്കാൻ സാധിക്കൂ എന്നും, താൻ ഏഴ് വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഭാഷ വശമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും രാധിക വ്യക്തമാക്കി. നെറ്റ്ഫ്ലിക്സ് ചിത്രം 'അക്ക'യുടെ (Akka) റിലീസിനായി കാത്തിരിക്കുകയാണ് ഞാൻ. ഭാവിയിൽ നല്ലൊരു കഥാപാത്രം ലഭിച്ചാൽ തിരിച്ചുപോകുന്നതിനെക്കുറിച്ച് ആലോചിക്കുമെങ്കിലും ഭാഷ വീണ്ടും ഒരു തടസ്സമായേക്കാമെന്നും രാധിക അഭിപ്രായപ്പെട്ടു.

വർഷങ്ങൾക്ക് മുമ്പ് തെലുങ്ക് സിനിമാമേഖലയെ 'ആഴത്തിൽ വേരോടിയ പുരുഷാധിപത്യമുള്ളത്' എന്ന് രാധിക വിശേഷിപ്പിച്ചിരുന്നു. നായകന്മാർക്ക് വലിയ പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങളും സെറ്റിലെ മോശം അനുഭവങ്ങളും അന്ന് അവർ തുറന്നുകാട്ടിയിരുന്നു. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കാര്യങ്ങൾ മാറിയിട്ടുണ്ടാകാമെന്നും, അക്കാലത്തെ ചില നല്ല ഓർമ്മകൾ താരം പങ്കുവെക്കുകയും ചെയ്തു. 

Tags