ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ നിറഞ്ഞ സദസിൽ പ്രദർശനവുമായി ‘ഞാൻ രേവതി’

Tamil feature documentary 'Njan Revathi' trailer out

തിരുവനന്തപുരം: 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ പി. അഭിജിത്ത് സംവിധാനം ചെയ്ത ഡോക്യുമെൻററി ഫിലിം ‘ഞാൻ രേവതി’ മത്സര വിഭാഗത്തിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു. 25 ന് വൈകീട്ട് 6.15 ന് തിരുവനന്തപുരം കൈരളി തിയറ്ററിലായിരുന്നു പ്രദർശനം. എഴുത്തുകാരിയും, അഭിനേതാവും ട്രാൻസ് വുമൺ ആക്ടിവിസ്റ്റുമായ എ.രേവതിയുടെ ജീവിതം ആസ്പദമാക്കി ഫോട്ടോ ജേർണലിസ്റ്റും ഫിലിം മേക്കറുമായ പി. അഭിജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ഞാൻ രേവതി. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐ.ഡി. എസ്.എഫ്. എഫ്. കെയുടെ ലോങ്ങ് ഡോക്യുമെൻററി മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

ഫെസ്റ്റിവൽ നാളെ സമാപിക്കും. സെപ്റ്റംബർ അഞ്ച് മുതൽ ഏഴ് വരെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ വെച്ച് നടക്കുന്ന ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിലും മത്സര വിഭാഗത്തിലേക്ക് ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഞാൻ രേവതി കൂടാതെ ഇന്ത്യയിൽ നിന്നുള്ള 11 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. കോഴിക്കോട് നടന്ന ഐ.ഇ.എഫ്. എഫ്. കെയിൽ മികച്ച സിനിമക്കുള്ള ഓഡിയൻസ് പോൾ അവാർഡ് ഞാൻ രേവതിക്കായിരുന്നു.

സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എൽ.ജി. ബി.ടി.ഐ.ക്യു ഫിലിം ഫെസ്റ്റിവലായ മുംബൈ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൽ ഞാൻ രേവതി ഇന്ത്യൻ ഡോക്യുമെൻററി സെൻറർ പീസ് സിനിമയായും ചെന്നൈയിൽ വെച്ച് നടന്ന റീൽ ഡിസയേഴ്സ്-ചെന്നൈ ക്വിയർ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു. ട്രാൻസ് വുമൺ നേഹക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ‘അന്തരം’ എന്ന സിനിമക്ക് ശേഷം പി. അഭിജിത്ത് സംവിധാനം ചെയ്യുന്ന ലോങ്ങ് ഡോക്യുമെൻററിയാണ് ഞാൻ രേവതി.

എഴുത്തുകാരൻ പെരുമാൾ മുരുകൻ, ആനിരാജ, നാടക സംവിധായകരായ മങ്കൈ ശ്രീജിത് സുന്ദരം, രഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം, സൂര്യ ഇഷാൻ, ഇഷാൻ കെ.ഷാൻ, ജീ ഇമാൻ സെമ്മലർ, ശ്യാം, ചാന്ദിനി ഗഗന, ഭാനു, മയിൽ, വടിവു അമ്മ, ഉമി, ലക്ഷമി, കലൈ ശെൽവൻ, കനക, ഭാഗ്യം, കണ്ണായി, മയിൽ, ഏയ്ഞ്ചൽ ഗ്ലാഡി തുടങ്ങിയവർ ഡോക്യുമെൻററിയിലുണ്ട്.
 

Tags