'ലോക'യെ വീഴ്ത്തി പുതിയ ഇൻഡസ്ട്രി ഹിറ്റ്; ബോക്സ് ഓഫീസിൽ വിസ്മയിപ്പിച്ച് 'വാഴ 2'

'Vazha 2' sets box office record on first day

ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുകയാണ് 'വാഴ 2'. കേരളത്തിൽ നിന്ന് മാത്രം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ചിത്രമെന്ന പ്രത്യേകത ഇനി വാഴക്ക് സ്വന്തം. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 124 കോടി രൂപ വാരിക്കൂട്ടിയ ചിത്രം, കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായ 'ലോക' സൃഷ്ടിച്ച റെക്കോർഡുകളെയാണ് മറികടന്നത്. പ്രദർശനം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ 235 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള വരുമാനം. നിലവിൽ ആഗോള കലക്ഷനിൽ ലോക മുന്നിലാണെങ്കിലും, വാഴ 2ന്റെ തെലുങ്ക് പതിപ്പ് കൂടി തിയറ്ററുകളിൽ എത്തിയതോടെ ആ റെക്കോർഡും വൈകാതെ തകരുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകൾ.

മലയാള സിനിമയുടെ സുവർണ്ണകാലമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് കഴിഞ്ഞ ഒരു വർഷത്തെ ബോക്സ് ഓഫീസ് പ്രകടനം. എമ്പുരാൻ, തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ചുരുങ്ങിയ കാലയളവിനുള്ളിൽ ഇൻഡസ്ട്രി ഹിറ്റ് പദവിയിലെത്തുന്ന നാലാമത്തെ ചിത്രമാണ് വാഴ 2. മഞ്ഞുമ്മൽ ബോയ്സിന്റെ റെക്കോർഡ് തകർത്ത എമ്പുരാനെ മാസങ്ങൾക്കുള്ളിൽ ലോക മറികടന്നിരുന്നു. എന്നാൽ ആ നേട്ടങ്ങളെല്ലാം ഇപ്പോൾ ഈ കൊച്ചു ചിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. ഒരു നവാഗത സംവിധായകന്റെ ചിത്രത്തിന് അതും പുതുമുഖങ്ങളെ പ്രധാന വേഷങ്ങളിൽ അണിനിരത്തിക്കൊണ്ട് 200 കോടിയിലധികം കലക്ഷൻ ലഭിക്കുന്നത് മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ്.

സോഷ്യൽ മീഡിയയിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും മലയാളികൾക്ക് പരിചിതരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ യുവതാരങ്ങളുടെ കരുത്തിലാണ് ചിത്രം ഈ വിജയം നേടിയത്. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, വിനോദ് കെടാമംഗലം എന്നിവർക്കൊപ്പം സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഡബ്ല്യൂ.ബി.ടി.എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ് തുടങ്ങിയ പ്രമുഖ ബാനറുകൾ സംയുക്തമായാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്.

Tags