ഇന്ദ്രജിത്ത് സുകുമാരനും സന്ദീപ് പ്രദീപും ഒന്നിക്കുന്ന പുത്തൻ ചിത്രം വരുന്നു

sandeep

 മലയാള സിനിമയിൽ വിജയഗാഥ തുടരുന്ന ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും സന്ദീപ് പ്രദീപും ഒന്നിക്കുന്നു. പ്രശസ്ത നർത്തകിയും നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതന്റെ ഭാര്യയുമായ സുജിന ശ്രീധരൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ദ്രജിത്തിന്റെ നായികയായാണ് സുജിനയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിൽ ഇവരുടെ മകന്റെ വേഷത്തിലാണ് സന്ദീപ് പ്രദീപ് എത്തുന്നത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പരിചിതനായ നവാഗതൻ കിരൺ ജോസി ആണ്. നടൻ അനുരാജ് ഒ.ബി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

തനതായ കഥപറച്ചിൽ ശൈലിയിലൂടെ പ്രേക്ഷകരെ ആകർഷിക്കാറുള്ള ഭാവന സ്റ്റുഡിയോസ് ഇത്തവണയും തികച്ചും വ്യത്യസ്തമായ ഒരു കുടുംബചിത്രവുമായാണ് എത്തുന്നതെന്ന സൂചനയാണ് ഈ കാസ്റ്റിംഗ് നൽകുന്നത്. അതേസമയം, നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രവും ഭാവന സ്റ്റുഡിയോസിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം വരാനിരിക്കുന്ന ഓണത്തിനാണ് തിയേറ്ററുകളിലേക്ക് എത്തുക. നിവിൻ പോളിയും ഭാവന സ്റ്റുഡിയോസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിനിടയിലാണ് ഇന്ദ്രജിത്തിനെയും സുജിനയെയും കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള ഈ പുതിയ പ്രോജക്റ്റിന്റെ പ്രഖ്യാപനവും എത്തിയിരിക്കുന്നത്.

Tags