പുതുമാറ്റം: മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളുടെ റിലീസിൽ തിയേറ്റർ വിഹിതത്തിൽ മാറ്റത്തിന് സാധ്യതയെന്ന് സൂചന
കൊച്ചി: മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളുടെ റിലീസിൽ തിയേറ്റർ വിഹിതത്തിൽ മാറ്റത്തിന് സാധ്യതയെന്ന് സൂചന. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന സിനിമയുടെ റിലീസിലെ തർക്കം പരിഹരിക്കപ്പെട്ട രീതി ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. പേട്രിയറ്റ് റിലീസ് ചെയ്യുന്ന ആദ്യ ആഴ്ച 60 ശതമാനവും രണ്ടാംവാരത്തിൽ 55 ശതമാനവും മൂന്നാം വാരം മുതൽ 50 ശതമാനവുമായിരിക്കും നിർമാതാവിന് നൽകുന്ന വിഹിതമെന്നാണ് പുതിയ ധാരണ.
നേരത്തേ, മൂന്നാംവാരത്തിനുശേഷം 40-ലേക്കും 30-ലേക്കുമൊക്കെ താണിരുന്ന സ്ഥാനത്ത് 'പേട്രിയറ്റി'ന് തിയേറ്ററിലുള്ളിടത്തോളം മൂന്നാംവാരം മുതൽ 50 ശതമാനം നൽകുമെന്നത് പ്രധാന മാറ്റമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.പേട്രിയറ്റ് മോഡലിൽ മാറ്റംവന്നാൽ കൂടുതൽ ബിഗ് ബജറ്റ് സിനിമകൾക്ക് ഗുണകരമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3', ജയസൂര്യ നായകനായെത്തുന്ന 'കത്തനാർ', പൃഥ്വിരാജിന്റെ 'കാളിയൻ', വമ്പൻ താരനിരയുള്ള ലോകയുടെ രണ്ടാം ഭാഗമായ 'ലോക ചാപ്റ്റർ 2', ദുൽഖൽ സൽമാന്റെ 'ഐ ആം ഗെയിം' തുടങ്ങിയ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
പേട്രിയറ്റിന് ആദ്യ രണ്ട് വാരത്തിലും 60 ശതമാനം നൽകണമെന്ന് നിർമാതാക്കൾ ഫിയോകിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ഇതിൽ പ്രതിഷേധിച്ച് ഫിയോക് ചിത്രത്തിന് വിലക്കേർപ്പെടുത്തുകയായിരുന്നു. അതിനുശേഷമാണ് ഇപ്പോൾ ചർച്ചയിലൂടെ പ്രശ്‌നത്തിനു പരിഹാരമായത്.
.jpg)

