നേഹയുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റം കാരണം 4.52 കോടി രൂപ നഷ്ടമുണ്ടായി,ആരോപണവുമായി സംഘാടകര്‍


കാണികള്‍ പ്രതിഷേധിക്കുന്ന വീഡിയോ പ്രചരിച്ചതോടെ സംഭവം ചര്‍ച്ചയായി.
മെല്‍ബണിലെ സംഗീത പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഗായിക നേഹ കക്കറിനെതിരെ പരിപാടിയുടെ സംഘാടകരായ ബീറ്റ്‌സ് പ്രൊഡക്ഷന്‍ രംഗത്ത്. നേഹയുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റം കാരണം 4.52 കോടി രൂപ നഷ്ടമുണ്ടായെന്ന് സംഘാടകര്‍ വ്യക്തമാക്കി. നേഹയുമായി നടത്തിയ പണമിടപാടുകളുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവച്ചാണ് ബീറ്റ്‌സ് പ്രൊഡക്ഷന്‍ വിശദീകരണവുമായി എത്തിയത്. പരിപാടിക്ക് ശേഷം കാറില്‍ കയറുന്ന നേഹയുടെ ദൃശ്യങ്ങളും ബീറ്റ്‌സ് പ്രൊഡക്ഷന്‍ പങ്കുവച്ചു.
മെല്‍ബണില്‍ നടന്ന സ്റ്റേജ് ഷോക്കിടെ മൂന്നുമണിക്കൂര്‍ വൈകിയാണ് ഗായിക സംഗീത പരിപാടിക്കെത്തിയത്. തുടര്‍ന്ന് കാണികളുടെ പ്രതികരണം കണ്ട് വികാരാധീനയായി. വൈകി വന്നതിന് ക്ഷമാപണം ചോദിച്ചു. കാണികള്‍ പ്രതിഷേധിക്കുന്ന വീഡിയോ പ്രചരിച്ചതോടെ സംഭവം ചര്‍ച്ചയായി.
സംഘാടകരുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്നും തനിക്കും സംഘത്തിനും ഭക്ഷണമോ വാഹന സൗകര്യമോ താമസ സൗകര്യമോ നല്‍കിയില്ലെന്ന് നേഹ ആരോപിച്ചിരുന്നു. പ്രതിഫലം വാങ്ങാതെയാണ് പരിപാടി അവതരിപ്പിച്ചതെന്നും നേഹ പറഞ്ഞിരുന്നു. പിന്നാലെ നേഹയുടെ പങ്കാളിയും പിന്തുണച്ചു. ഇപ്പോള്‍ ബീറ്റ് പ്രൊഡക്ഷന്റെ വിശദീകരണ കുറിപ്പും ബില്ലുകളും പുറത്തുവന്നതോടെ നേഹയുടെ വാദങ്ങള്‍ പൊളിയുകയാണ്.
