നാനിയുടെ ‘ദ പാരഡൈസ്’ ; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ കേരളത്തിൽ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. സെപ്റ്റംബർ 23 ന് രാത്രി നടക്കുന്ന പ്രീമിയർ ഷോകളോടെ ചിത്രം പ്രദർശനം ആരംഭിക്കും. കൊച്ചി, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം തുടങ്ങിയ പ്രമുഖ ജില്ലകളിലെ സിനിപോളിസ് ഉൾപ്പെടെയുള്ള പ്രധാന സ്ക്രീനുകളിൽ രാത്രി 9.30 മുതൽ പ്രീമിയർ ഷോകൾ ഉണ്ടായിരിക്കും. സെപ്റ്റംബർ 24 ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ വഴി ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്ന ഈ ചിത്രം വമ്പൻ കാൻവാസിലാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം ഒരു അമ്മ-മകൻ ബന്ധത്തിന്റെ വൈകാരിക കഥ കൂടിയാണ് പറയുന്നത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ അനിരുദ്ധിന്റെ സംഗീതവും ഇതിനോടകം വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടായ ഈ ചിത്രത്തിൽ ‘ജദാൽ’ എന്ന മാസ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ഇതിനോടകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലനായ വിക്രം മാലിക്കിനെ അവതരിപ്പിക്കുന്നത്. കായദു ലോഹർ, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. തെലുങ്ക്, മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിലാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.
.jpg)

