ആഗോള കളക്ഷൻ 167 കോടി കടന്ന് നാനിയുടെ ‘ദ പാരഡൈസ്’

Nani’s ‘The Paradise’: Advance booking has started.

 തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാനിയും സംവിധായകനും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് നിർമ്മാണം. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ആഗോള ബോക്സ് ഓഫീസിൽ മികച്ച കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ ആഗോളതലത്തിൽ 167 കോടി രൂപയും, വിദേശത്തുനിന്ന് മാത്രം 31 കോടി രൂപയും ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വമ്പൻ കാൻവാസിൽ ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം, ഒരമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ വൈകാരിക കഥ കൂടിയാണ് പറയുന്നത്. ചിത്രത്തിൽ ‘ജദാൽ’ എന്ന മാസ്സ് കഥാപാത്രമായാണ് നാനി എത്തിയത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഘവ് ജൂയൽ ആണ് ചിത്രത്തിൽ ‘വിക്രം മാലിക്’ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

കായദു ലോഹർ, മോഹൻ ബാബു, സോണാലി കുൽക്കർണി, സമ്പൂർണേഷ് ബാബു, ഈശ്വരി റാവു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്തത്. ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീകാന്ത് ഒഡേല നിർവഹിച്ചപ്പോൾ, സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

Tags