എന്റെ യാത്ര തുടങ്ങുന്നതേയുള്ളൂ, സ്‌നേഹവും കരുതലും കണ്ട കണ്ണുനനയുന്നു; സാറ അര്‍ജുന്‍
'ദൈവത്തിന് മുന്‍പിലും ഒപ്പം നിങ്ങള്‍ക്ക് മുന്‍പിലും ആത്മാര്‍ത്ഥമായ നന്ദിയോടെ ഞാന്‍ ശിരസ്സ് നമിക്കുന്നു.
'ധുരന്ദര്‍' സിനിമയുടെ വിജയത്തില്‍ നന്ദി പറഞ്ഞുകൊണ്ട് എത്തുകയാണ് സാറ അര്‍ജുന്‍. പ്രേക്ഷകരുടെ സ്‌നേഹമൊന്നും താന്‍ കാണാതെ പോയിട്ടില്ലെന്നും തനിക്ക് ലഭിച്ച സ്‌നേഹവും പ്രോത്സാഹനവും കരുതലും കണ്ട് കണ്ണ് നനയുന്നുണ്ടെന്നും നടി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കിട്ടാണ് പ്രതികരണം.
'ദൈവത്തിന് മുന്‍പിലും ഒപ്പം നിങ്ങള്‍ക്ക് മുന്‍പിലും ആത്മാര്‍ത്ഥമായ നന്ദിയോടെ ഞാന്‍ ശിരസ്സ് നമിക്കുന്നു. ഞാന്‍ എന്റെ യാത്ര തുടങ്ങുന്നതേയുള്ളൂ. ഞാന്‍ ഭാഗമായ ഒരു സിനിമയ്ക്കും ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്ന ജോലിക്കും ഇത്ര നേരത്തെ തന്നെ വലിയ പ്രോത്സാഹനം ലഭിക്കുന്നത് വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്, അത് തനിക്ക് കൂടുതല്‍ കരുത്ത് പകരുന്നു.
പ്രേക്ഷകര്‍ക്ക് ദൈര്‍ഘ്യമേറിയ കഥപറച്ചിലിനോട് താത്പര്യമില്ലെന്നും അത്തരം സിനിമകള്‍ക്ക് പഴയതുപോലെ പ്രസക്തിയില്ലെന്നും കുറേകാലമായി പറയപ്പെടുന്നുണ്ട്. എന്നാല്‍ അത് തെറ്റാണെന്ന് ധുരന്ധറിന്റെ പ്രേക്ഷകര്‍ തെളിയിച്ചു. പ്രേക്ഷകരുടെ കരുത്ത് എന്താണെന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒന്നിന് വേണ്ടി ആളുകള്‍ ഒത്തുചേരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് പ്രേക്ഷകര്‍ എല്ലാവരേയും ഓര്‍മിപ്പിച്ചു. പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും പിന്തുണയുമാണ് ധുരന്ധറിന്റെ മുന്നേറ്റത്തിന് കാരണം. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കലാകാരന്മാരും നിര്‍മാതാക്കളുമെന്ന നിലയില്‍ അണിയറയിലെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കാവുമെങ്കിലും പ്രേക്ഷകരുടെമേല്‍ യാതൊരു നിയന്ത്രണവുമില്ല. അതാണ് കലയുടെ സൗന്ദര്യം.
ധുരന്ധറിന്റെ കഥ നിങ്ങളിലേക്ക് എത്തിയെന്ന് അറിയുന്നത് ഒരു വലിയ വിജയമാണ്; പക്ഷെ ആ വിജയത്തിന്റെ ക്രെഡിറ്റ് എനിക്കുള്ളതല്ല. അത് ഈ സിനിമയുടെ സൃഷ്ടാക്കള്‍ക്കുള്ളതാണ്. ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. അതിലുപരി, ഈ വിജയം നിങ്ങളുടേതാക്കി മാറ്റിയതില്‍ എനിക്ക് അതിയായ കടപ്പാടുണ്ട്,' സാറ അര്‍ജുന്‍ കുറിച്ചു.
.jpg)


