'തലവര' കണ്ട് അച്ഛന് ആദ്യമായി ഉമ്മ തന്നു; ഹരിശ്രീ അശോകന്റെ അംഗീകാരത്തെക്കുറിച്ച് അര്ജുന് അശോകന്
കൊച്ചി: അച്ഛന് ഹരിശ്രീ അശോകന്റെ പാതയിലൂടെ സിനിമയിലെത്തി സ്വന്തമായൊരു ഇടം നേടിയെടുത്ത നടനാണ് അര്ജുന് അശോകന്. 'പറവ', 'ബിടെക്ക്' തുടങ്ങിയ ചിത്രങ്ങളിലൂടെ തുടങ്ങി നായകനായും സഹനടനായും മലയാള സിനിമയില്‍ സജീവമായ താരം, തന്നിലെ നടനെ അച്ഛന് പൂര്‍ണ്ണമായി അംഗീകരിച്ച നിമിഷത്തെക്കുറിച്ച് മനസ് തുറക്കുകയാണ്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അര്ജുന് തന്റെ സിനിമാ യാത്രയെയും അച്ഛന്റെ നിര്‍ദ്ദേശങ്ങളെയും കുറിച്ച് സംസാരിച്ചത്.
താന്‍ അഭിനയിച്ച 'തലവര' എന്ന ചിത്രം കണ്ടിറങ്ങിയ ശേഷമാണ് അച്ഛന് ആദ്യമായി തന്നെ ഉമ്മ വെച്ച് അഭിനന്ദിച്ചതെന്ന് അര്ജുന് പറയുന്നു. "തലവര കണ്ട ശേഷം അച്ഛന് അഭിനന്ദിച്ചിരുന്നു. എനിക്ക് ഓര്മ വെച്ച ശേഷം അദ്ദേഹം ആദ്യമായി ഉമ്മ തരുന്നത് അപ്പോഴാണ്. എന്നെക്കൊണ്ട് പറ്റും എന്ന് അദ്ദേഹത്തിന് ഉള്ളില്‍ ബോധ്യമായത് ആ സിനിമ കണ്ടതോടെയാണ്," അര്ജുന് വ്യക്തമാക്കി.
സിനിമയിലേക്ക് ചുവടുവെച്ചപ്പോള്‍ അച്ഛന് നല്കിയ ഉപദേശങ്ങളും താരം പങ്കുവെച്ചു. സിനിമ ഒരു ടീം വര്‍ക്കാണെന്നും ഒറ്റയ്ക്ക് ചെയ്യുന്ന ജോലിയല്ലെന്നും അച്ഛന് ഓര്‍മ്മിപ്പിച്ചിരുന്നു. "നീ നോക്കി ചെയ്യ്, തെറ്റും ശരിയുമൊക്കെ ഉണ്ടാകും. എല്ലാ പടവും നന്നായി വരണമെന്നില്ല. വരുന്നതില്‍ നല്ലത് തെരഞ്ഞെടുക്കുക, 100 ശതമാനം സത്യസന്ധമായി കൂടെ നില്ക്കുക. ആരെയും വേദനിപ്പിക്കാതിരിക്കുക, പിന്നെ പ്രതിഫലം കൃത്യമായി വാങ്ങിക്കണം," ഇതായിരുന്നു ഹരിശ്രീ അശോകന് മകന് നല്കിയ പ്രധാന നിര്‍ദ്ദേശങ്ങള്‍.
ചെറുപ്പം മുതലേ സിനിമാ ജീവിതം കണ്ടാണ് വളര്‍ന്നതെങ്കിലും, തന്നില്‍ സിനിമയോട് കൊതിയുണ്ടാക്കിയത് സമീര്‍ താഹിറിന്റെ 'ചാപ്പാ കുരിശ്', രാജീവ് രവിയുടെ 'അന്നയും റസൂലും', 'ബിഗ് ബി', 'ഛോട്ടാ മുംബൈ' തുടങ്ങിയ ചിത്രങ്ങളാണെന്ന് അര്ജുന് പറയുന്നു. 'ചാപ്പാ കുരിശ്' കണ്ട ശേഷമാണ് സിനിമാ മേക്കിങ് രീതികള്‍ മാറിയതെന്ന് തിരിച്ചറിഞ്ഞത്. അമല്‍ നീരദിനൊപ്പം 'വരത്തനി'ലും, അന്‍വര്‍ റഷീദിനൊപ്പം 'ട്രാന്‍സി'ലും പ്രവര്‍ത്തിക്കാന്‍ സാധിച്ചു. എന്നാല്‍ സമീര്‍ താഹിറിനൊപ്പം ഇതുവരെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും താരം പറഞ്ഞു.
രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്യാനായത് വലിയ അനുഗ്രഹമായി കാണുന്നുവെന്നും അര്ജുന് കൂട്ടിച്ചേര്‍ത്തു. തന്റെ അഭിനയ ശൈലിയില്‍ വലിയൊരു മാറ്റമുണ്ടാക്കിയ ചിത്രമായിരുന്നു അത്. എന്നാല്‍ 'തുറമുഖം', 'തലവര' എന്നീ രണ്ട് ചിത്രങ്ങളും അര്‍ഹിക്കുന്ന രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിയില്ലെന്ന ചെറിയൊരു സങ്കടം മാത്രമാണ് തനിക്കുള്ളതെന്നും അര്ജുന് അശോകന് വ്യക്തമാക്കി.
.jpg)

