മകള്‍ സ്വയം സിനിമയില്‍ കഴിവ് തെളിയിക്കണം ; മനസു തുറന്ന് മോഹന്‍ലാല്‍
'അച്ഛന്‍-മകള്‍ എന്ന രീതിയില്‍ ഞാന്‍ മകളുടെ സിനിമാപ്രവേശനത്തെ കണ്ടിട്ടില്ല.
മകള്‍ വിസ്മയ സിനിമയിലേക്ക് എത്തുന്നതിനെ കുറിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍. മകള്‍ സ്വയം സിനിമയില്‍ കഴിവ് തെളിയിക്കണമെന്നും ഇത്രമേല്‍ മത്സരം നിറഞ്ഞ ഒരു മേഖലയില്‍ എങ്കില്‍ മാത്രമേ നിലനില്‍ക്കാനാവുകയുള്ളു എന്നും മോഹന്‍ലാല്‍ പറഞ്ഞു. താന്‍ 48 വര്‍ഷമായി സിനിമയിലെത്തിയിട്ട് എന്ന് ആലോചിക്കുമ്പോള്‍ പിന്നിട്ട ബുദ്ധിമുട്ടേറിയ നാളുകള്‍ ഓര്‍മയിലെത്താറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
'അച്ഛന്‍-മകള്‍ എന്ന രീതിയില്‍ ഞാന്‍ മകളുടെ സിനിമാപ്രവേശനത്തെ കണ്ടിട്ടില്ല. അവരുടെ ഇഷ്ടത്തിന് സമ്മതം നല്‍കുക എന്നതാണ്. അവള്‍ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞു, അഭിനയിക്കട്ടെ എന്ന് ഞാനും പറഞ്ഞു. വിസ്മയ മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചയാളാണ്. അത്തരത്തിലൊരു സിനിമ ചെയ്യണമെന്നാണ് അവള്‍ ആഗ്രഹിച്ചത്. ഇനി അവരാണ് പ്രൂവ് ചെയ്യേണ്ടത്. എന്റെ മകളാണെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. അപ്പുവും വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളു. എങ്ങനെ സിനിമ ചെയ്യാതിരിക്കാം എന്ന് നോക്കുന്നയാളാണ് അവന്‍.
സിനിമാമേഖലയെ കുറിച്ചോ അഭിനയത്തെ കുറിച്ചോ ഞാന്‍ ഉപദേശമൊന്നും അവര്‍ക്ക് നല്‍കിയിട്ടില്ല. മക്കള്‍ സിനിമയില്‍ ജനിച്ച് വീണവരാണ്. എന്റെ ഭാര്യയുടെ കുടുംബവും സിനിമയുമായി വലിയ ബന്ധമുള്ളവരാണ്. മറ്റേത് മേഖലയിലെയും പോലെ സിനിമയിലും നമ്മുടെ തീരുമാനങ്ങളാണ് നമ്മുടെ ജീവിതം നിശ്ചയിക്കുക. സിനിമ പോലെ ഇത്രയും വലിയ മാജിക്കുള്ള വേറൊരു എന്റര്‍ടെയ്ന്‍മെന്റ് ഇല്ലല്ലോ. അവിടെ നിലനില്‍ക്കാനും വിജയിക്കാനും വലിയ ഭാഗ്യം വേണം. ഭാഗ്യം എന്നത് ഒരു വാക്ക് മാത്രമല്ല, അത് നിങ്ങളുടെ ജീവിതരീതിയും ആത്മീയപാതയും സമര്‍പ്പണബോധവും എല്ലാം ചേര്‍ന്നതാണ്.
ഞാന്‍ 48 വര്‍ഷമായി സിനിമയില്‍ വന്നിട്ട്. അവിടെ നിലനില്‍ക്കുക എന്നത് ഒട്ടും എളുപ്പമല്ലായിരുന്നു എന്ന് എനിക്ക് അറിയാം. തിരിഞ്ഞുനോക്കുമ്പോള്‍ കടന്നുവന്ന നാളുകളിലെ പ്രയാസവും ബുദ്ധിമുട്ടുകളുമെല്ലാം ഓര്‍മയിലെത്താറുണ്ട്. വലിയ മത്സരമുള്ള മേഖലയാണ് സിനിമ. എന്റെ മകളോടായാലും സിനിമയിലെത്താന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരോടായാലും എനിക്ക് ഒന്നേ പറയാനുള്ളു. ഉള്ളിലൊരു തീ ഉണ്ടാകണം, അതിനെ ഡെഡിക്കേഷനും കമ്മിറ്റ്മെന്റും ഉണ്ടാകണം. എങ്കില്‍ മാത്രമേ സക്സസ്ഫുള്ളാകൂ. എന്റെ അച്ഛന്‍ ഇദ്ദേഹമാണ്, എനിക്ക് ഈ ഡയറക്ടറെ അറിയാം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല,' മോഹന്‍ലാല്‍ പറഞ്ഞു.
.jpg)

