ഒടിടിയിൽ മികച്ച അഭിപ്രായം നേടി 'മിസ്റ്റർ എക്സ്'
സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ശ്രദ്ധ നേടിയ തമിഴ് ചിത്രമാണ് ‘മിസ്റ്റർ എക്സ്’. ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ, അതുല്യ രവി, അനഘ, റൈസ വിൽസൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ, മനു ആനന്ദാണ് സംവിധാനം. മികച്ച അഭിപ്രായങ്ങൾ നേടിയിട്ടും ബോക്‌സ് ഓഫീസിൽ അത്ര പ്രകടനം കാഴ്ചവെക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ഇപ്പോൾ ചിത്രം ഒടിടിയിലും എത്തി. ജിയോ ഹോട്ട്‌സ്റ്റാറിൽ ‘മിസ്റ്റർ എക്സ്’യുടെ സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
ഒടിടിയിൽ മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. ആക്ഷൻ സീനുകളിൽ മഞ്ജുവിന് വൻ കയ്യടിയാണ് ലഭിക്കുന്നത്. മലയാളത്തിൽ ഒരേ ടൈപ്പ് റോളുകളിൽ മഞ്ജു ഒതുങ്ങുമ്പോൾ അന്യഭാഷയിൽ വ്യത്യസ്തമാർന്ന വേഷങ്ങളിലെത്തി കയ്യടി വാരിക്കൂട്ടുകയാണ് മഞ്ജു വാര്യർ. ആര്യയുടെ ആക്ഷൻ പ്രകടനങ്ങൾക്കൊപ്പം തന്നെ നിൽക്കുന്ന, സ്ക്രീനിൽ വലിയൊരു ഇംപാക്ട് സൃഷ്ടിക്കുന്ന റോളിലാണ് അവർ വരുന്നത്. വെറുമൊരു സപ്പോർട്ടിങ് വേഷമല്ല. മറിച്ച് സിനിമയുടെ സസ്പെൻസ് നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഒരു സ്ട്രോങ് കാരക്ടർ ആയിട്ടാണ് മഞ്ജു ചിത്രത്തിൽ തിളങ്ങുന്നത് എന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്. ഇന്റലിജൻസ് ഉദ്യോഗസ്ഥയായ ഇന്ദിര വർമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ചിരിക്കുന്നത്. ക്ലൈമാക്സിനോട് അടുത്തുള്ള സീനിൽ വില്ലൻമാരുടെ ഗ്രൂപ്പുമായി മഞ്ജു വാര്യരുടെ കഥാപാത്രം ഏറ്റുമുട്ടുന്ന രംഗമാണ് വൈറലാകുന്നത്.
മവെറിക് മൂവീസ്, പ്രിൻസ് പിക്ചേഴ്സ് എന്നീ ബാനറുകളിൽ വിനീത് ജെയിൻ, എസ് ലക്ഷ്‍മൺ കുമാർ എന്നിവർ ചേർന്ന് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. വിഷ്‍ണു വിശാലിൻറെ ഹിറ്റ് ചിത്രമായ എഫ്ഐആറിനു ശേഷം മനു ആനന്ദ് ഒരുക്കിയ ഈ ചിത്രം, ഇന്റലിജൻസ് ലോകത്തിലെ നിഗൂഡമായ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ്.
.jpg)

