മൂക്കുത്തി അമ്മൻ മൂന്ന് ദിവസം കൊണ്ട് നേടിയത് 8.93 കോടി

mookuthi amman 2

 തമിഴകത്തിന്റെ 'ലേഡി സൂപ്പർസ്റ്റാർ' നയൻതാര പ്രധാന വേഷത്തിലെത്തിയ ഭക്തിസാന്ദ്രമായ ഫ്രഞ്ചൈസി ചിത്രം 'മൂക്കുത്തി അമ്മൻ 2' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. നവംബർ 6ന് തിയറ്ററുകളിലെത്തിയ തമിഴ്-തെലുങ്ക് ഫാന്റസി കോമഡി ചിത്രം, റിലീസ് ചെയ്ത ശേഷമുള്ള ആദ്യ ഞായറാഴ്ച കലക്ഷനിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശനിയാഴ്ചത്തെ കലക്ഷനെ അപേക്ഷിച്ച് ഞായറാഴ്ച 87.8 ശതമാനം വർധനവാണ് ബോക്സ് ഓഫീസിൽ ഉണ്ടായത്. ഇതോടെ ഇന്ത്യയിലെ നെറ്റ് കലക്ഷൻ 8.93 കോടി രൂപയായി ഉയർന്നപ്പോൾ ഗ്രാസ് കലക്ഷൻ 10.35 കോടി രൂപയും കടന്നു. ബോക്സ് ഓഫീസിൽ സൂര്യ-ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' സൃഷ്ടിച്ച വലിയ തരംഗത്തിനിടയിലും സ്വന്തമായ ഒരിടം കണ്ടെത്തിയാണ് നയൻതാര ചിത്രത്തിന്റെ കുതിപ്പ്. ഇതുവരെ നേടിയ ആകെ നെറ്റ് കലക്ഷനിൽ തമിഴ്നാട്ടിൽ നിന്ന് 8.45 കോടിയും തെലുങ്കിൽ നിന്ന് 48 ലക്ഷം രൂപയുമാണ് ലഭിച്ചത്.

വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമിച്ച മൂക്കുത്തി അമ്മൻ 2 മഹാശക്തിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുന്ദർ സിയാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴയാണ് നിർവഹിച്ചിരിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ.

നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്., സുനിൽ വർമ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണം ചെയ്യുന്നത്.

സിനിമയുടെ പേര്, നിർമാതാവ് ഇഷാരി ഗണേഷ്, നയൻതാര, ഉർവശി എന്നിവർ മാത്രമാണ് പൊതുവായുള്ളതെന്നും രണ്ടാം ഭാഗം ഒന്നാം ഭാഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നും സംവിധായകൻ സുന്ദർ സി പറഞ്ഞിരുന്നു. 400ഓളം അംഗങ്ങൾ ഒന്നര വർഷം അധ്വാനിച്ചാണ് സിനിമയുടെ സിജിഐ ജോലികൾ പൂർത്തിയാക്കിയതെന്നും 3000ത്തിലധികം ഷോട്ടുകളിൽ സിജിഐ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ 15 ശതമാനം മാത്രമാണ് എഐ ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags