'മൂക്കുത്തി അമ്മൻ 2 – മഹാശക്തി' നവംബർ 6ന് എത്തും
നയൻതാര നായികയാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 6ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തുന്നു. സുന്ദർ സി സംവിധാനം ചെയ്യുന്ന ഈ ചിത്രം വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷാണ് നിർമ്മിക്കുന്നത്. കേരളത്തിൽ പ്രമുഖ വിതരണക്കാരായ ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. കുടുംബസമേതം കാണാൻ സാധിക്കുന്ന ഒരു സമ്പൂർണ്ണ എന്റർടെയ്‌നറായിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ പ്രീ-റിലീസ് ഇവന്റിൽ ചിത്രത്തിന്റെ സാങ്കേതിക മികവിനെക്കുറിച്ചും കഥയുടെ പ്രത്യേകതകളെക്കുറിച്ചും സംവിധായകനും അഭിനേതാക്കളും മനസ്സ് തുറന്നു. ഏകദേശം 400 അംഗങ്ങൾ ഒന്നര വർഷത്തോളം രാവും പകലും അധ്വാനിച്ചാണ് ചിത്രത്തിന്റെ വമ്പൻ CGI ജോലികൾ പൂർത്തിയാക്കിയത്. 3,000-ത്തിലധികം ഷോട്ടുകളിൽ CGI ഉപയോഗിച്ചിട്ടുണ്ടെങ്കിലും വെറും 15 ഷോട്ടുകളിൽ മാത്രമാണ് AI സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ളതെന്ന് സുന്ദർ സി വ്യക്തമാക്കി. ആദ്യ ഭാഗവുമായി പേര്, നിർമ്മാതാവ് ഇഷാരി ഗണേഷ്, നയൻതാര, ഉർവശി എന്നീ നാല് ഘടകങ്ങൾ മാത്രമാണ് പൊതുവായുള്ളതെന്നും, രണ്ടാം ഭാഗത്തിന്റെ കഥ തികച്ചും വ്യത്യസ്തവും പുതിയതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ സംഗീത സംവിധായകൻ ഹിപ്പ് ഹോപ്പ് തമിഴാ ആദിയും സിനിമയിലെ സർപ്രൈസുകളെക്കുറിച്ച് സംസാരിച്ചു. ഏകദേശം 20 മിനിറ്റ് ദൈർഘ്യമുള്ള ക്ലൈമാക്‌സിന് സംഗീതം ഒരുക്കിയത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ചിത്രത്തിൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന രണ്ട് സർപ്രൈസ് താരങ്ങൾ കൂടിയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സാധാരണ സുന്ദർ സി സിനിമകളിലെപ്പോലെ പാട്ടുകളുടെ പ്രളയമില്ലാതെ, ഒരൊറ്റ ഗാനം മാത്രമാണ് നേരിട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. ബാക്കി ഗാനങ്ങളെല്ലാം മോണ്ടേജ് ട്രാക്കുകളായാണ് എത്തുന്നത്.
സിനിമയെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് ഉർവശിയും ഖുശ്ബുവും സംസാരിച്ചത്. അതിശയിപ്പിക്കുന്ന VFX, CGI ദൃശ്യങ്ങളും കുടുംബവികാരങ്ങളും നർമ്മവും നിറഞ്ഞ ചിത്രത്തിൽ റെജീനയുടെ കഥാപാത്രം വലിയൊരു സർപ്രൈസ് ആയിരിക്കുമെന്ന് ഉർവശി പറഞ്ഞു. മൂക്കുത്തി അമ്മൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നയൻതാരയോളം അനുയോജ്യയായ മറ്റൊരാളില്ലെന്നും, കഥാപാത്രത്തോടുള്ള അവരുടെ സമർപ്പണവും ദൈവീക പ്രഭാവവും അനുകരണീയമാണെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.
.jpg)

