എൽ 366'ൽ മോഹൻലാൽ-മുകേഷ്-ജഗദീഷ് കോമ്പോ
കൊച്ചി: മലയാളികളുടെ പ്രിയ ചിത്രമായ 'വന്ദനം' ടീം വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. പ്രിയദർശൻ ഒരുക്കിയ വന്ദനത്തിലെ മോഹൻലാൽ-മുകേഷ്-ജഗദീഷ് കോമ്പോ ഇന്നും പ്രേക്ഷകർക്ക് ചിരിയുടെ വിരുന്നാണ്. ഇപ്പോഴിതാ തരുൺ മൂർത്തി സംവിധാനം നിർവഹിക്കുന്ന മോഹൻലാൽ ചിത്രം 'എൽ 366'ലൂടെ ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണെന്ന് റിപ്പോർട്ട്.
ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെയാണ് ആരാധകർ ആവേശത്തിലായത്. മോഹൻലാലിനൊപ്പം മുകേഷും ജഗദീഷും വീഡിയോയിൽ ഉള്ളത് വന്ദനം സിനിമയിലെ ഐക്കോണിക് രംഗങ്ങളെ ഓർമ്മിപ്പിക്കുന്നു. തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ടി എസ് ലവ്‌ലജൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്. ജഗദീഷും പൊലീസ് വേഷത്തിലാണ്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ നായകനാകുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും എൽ 366 നുണ്ട്. ചിത്രത്തിനായി മോഹൻലാൽ തന്റെ താടി വടിച്ച് മീശ പിരിച്ചുനിൽക്കുന്ന ഗെറ്റപ്പ് നേരത്തെ തന്നെ വൈറലായിരുന്നു. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു. വിവേക് ഹർഷൻ-എഡിറ്റിംഗ്, ഗോകുൽ ദാസ്- ആർട്ട്, വിഷ്ണു ഗോവിന്ദ്-സൗണ്ട് ഡിസൈൻ, മഷർ ഹംസ-കോസ്റ്റ്യൂം എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
.jpg)


