മോഹൻലാലിന്റെ ആ സംഘട്ടനരംഗങ്ങൾ പിറന്നതിങ്ങനെ; 'തുടരും' മേക്കിങ് വീഡിയോ


തുടരും എന്ന ചിത്രമിറങ്ങിയപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ച ഒന്നായിരുന്നു സംഘട്ടനരംഗങ്ങൾ. സ്റ്റണ്ട് സിൽവ ഒരുക്കിയ മൂന്ന് സംഘട്ടനങ്ങളും റിലീസിനുശേഷം വലിയ ചർച്ചയായി. ഇപ്പോഴിതാ ആ മാസ് രംഗങ്ങൾ പിറന്നതിനുപിന്നിലെ കഥ പറയുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
tRootC1469263">ടാക്സി ഡ്രൈവർ എന്നുപറഞ്ഞാലും അടിസ്ഥാനപരമായി അദ്ദേഹമൊരു ഫൈറ്റർ ആണെന്നാണ് സംവിധായകൻ തരുൺ മൂർത്തി വീഡിയോയിൽ പറയുന്നത്. താൻ ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ ഫൈറ്റുള്ളത് ഈ ചിത്രത്തിലാണ്. ചിത്രീകരണത്തിന് മുൻപുതന്നെ സംഘട്ടനസംവിധായകൻ സ്റ്റണ്ട് സിൽവയ്ക്ക് മുഴുവൻ തിരക്കഥയും വിശദീകരിച്ച് കൊടുക്കുത്തിരുന്നു. തിരക്കഥയുടെ ഇമോഷൻ എന്താണെന്ന് മാസ്റ്റർക്ക് പറഞ്ഞുകൊടുത്തതുകൊണ്ടുതന്നെ അദ്ദേഹം അതിനനുസരിച്ചാണ് ചെയ്തത്.

അടിയുടെ കാരണം ജെനുവിൻ ആണ്. വെറുതേ ലാലേട്ടനെ ആഘോഷിക്കാൻ വേണ്ടിയുള്ള സംഘട്ടനമല്ല. അടിയെടാ എന്ന് തിയേറ്ററിൽ പ്രായഭേദമെന്യേ അച്ഛനും അമ്മയും അമ്മാവന്മാരും അപ്പൂപ്പന്മാരുമെല്ലാം പറയുന്ന സമയത്തുവേണം അത് സംഭവിക്കാൻ. അത് സംഭവിച്ചു എന്നുള്ളിടത്താണ് എക്സൈറ്റ്മെന്റ് എന്നും തരുൺ മൂർത്തി പറഞ്ഞു.
ക്ലൈമാക്സ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയമെടുത്തത് ഫൈറ്റ് സീനുകളെടുക്കാനാണെന്നാണ് ജേക്സ് ബിജോയ് പറഞ്ഞത്. സംഘട്ടനരംഗങ്ങൾ എൻഗേജിങ്ങാക്കി, കഥ പറച്ചിലിനെ പരിപൂർണമായി പിന്തുണച്ചുകൊണ്ട് ലാലേട്ടന്റെ മാസ് അപ്പീലിനെ ന്യായീകരിക്കുന്ന രീതിയിലാണ് പശ്ചാത്തലസംഗീതമൊരുക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
നല്ല വഴുക്കലുള്ള റബ്ബർത്തോട്ടത്തിൽവെച്ചാണ് ചിത്രത്തിലെ ക്ലൈമാക്സിലെ റെയിൻ ഫൈറ്റ് ചിത്രീകരിച്ചതെന്ന് ഛായാഗ്രാഹകൻ ഷാജിയുടെ വാക്കുകൾ. ദൈവാധീനംകൊണ്ട് അപകടമൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിർമാതാവ് എം. രഞ്ജിത്, എഡിറ്റർ ഷഫീഖ് വി.ബി, ഓഡിയോഗ്രാഫർ വിഷ്ണു ഗോവിന്ദ് എന്നിവരുടെ അനുഭവങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേയ് മുപ്പത്തിയൊന്നിനായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.