മോഹൻലാലിൻറെ സുന്ദര രാവണൻ അതിമനോഹര ട്രെൻഡിങ്; ‘ഹെയിൽ മേരി’യുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ജേക്സ് ബിജോയിയുടെ JxB റെക്കോർഡ്സ്
മലയാള സിനിമയിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്സ് ബിജോയിയുടെ നേതൃത്വത്തിലുള്ള മ്യൂസിക് ലേബലായ JxB Records പുതിയൊരു ചുവടുവെപ്പുമായി രംഗത്ത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന വിഷ്ണു രവികുമാർ ചിത്രം ‘ഹെയിൽ മേരി’യുടെ സംഗീതാവകാശം സ്വന്തമാക്കിയതോടെയാണ് JxB Records പുതിയ ശ്രദ്ധ നേടുന്നത്. നവംബർ 26നു റിലീസ് ചെയുന്ന ചിത്രത്തിന്റെ സംഗീതം JxB Records എന്ന ലേബലിലൂടെ പുറത്തിറങ്ങുമെന്ന പ്രഖ്യാപനവും പുറത്തു വന്നിട്ടുണ്ട്.
സംഗീത സംവിധായകൻ എന്ന നിലയിൽ മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ ജേക്സ് ബിജോയ്, സംഗീതത്തിന്റെ സൃഷ്ടിപരമായ വശങ്ങൾക്കൊപ്പം അതിന്റെ വിപണന, വിതരണ മേഖലകളിലും സജീവ സാന്നിധ്യമാകാനുള്ള നീക്കത്തിലാണ്. ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് JxB Records-ന്റെ പുതിയ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്. കൂടാതെ കഴിഞ്ഞ ദിവസം പുറത്തിറങ്ങി മോഹൻലാൽ - തരുൺ മൂർത്തി ചിത്രം അതിമനോഹരത്തിലെ സുന്ദര രാവണൻ എന്ന ഗാനം വൻ ട്രെൻഡിങ് ആയി മുന്നേറുകയാണ്. ഒരു സിനിമയുടെ ഹൈപ്പ് കൂട്ടുന്നതിൽ ജേക്സ് ബിജോയുടെ സംഗീതം വഹിക്കുന്ന പങ്ക് എടുത്ത് പറയേണ്ടവയാണ്.
കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ ജേക്സ് ബിജോയിയുടെ സംഗീതയാത്രയ്ക്ക് പിന്നിൽ വർഷങ്ങൾ നീണ്ട പഠനവും പരീക്ഷണങ്ങളുമുണ്ട്. എൻജിനീയറിങ് പഠനത്തിനിടെ സംഗീതത്തോടുള്ള താൽപര്യം കൂടുതൽ ശക്തമാക്കിയ അദ്ദേഹം പിന്നീട് അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ മ്യൂസിക് സയൻസ് ആൻഡ് ടെക്നോളജിയിൽ ഉപരിപഠനം നടത്തി. ഗെയിമിങ് മേഖലയിലെ സംഗീത സാങ്കേതിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളും അദ്ദേഹത്തിന്റെ സംഗീതവീക്ഷണത്തെ സ്വാധീനിച്ചു.
2014-ൽ പുറത്തിറങ്ങിയ ‘എയ്ഞ്ചൽസ്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. എന്നാൽ 2018-ൽ ‘ധ്രുവങ്ങൾ പതിനാറ്’, ‘ക്വീൻ’, ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’, ‘രണം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. തുടർന്ന് ‘ഇഷ്ക്’, ‘കൽക്കി’, ‘പൊറിഞ്ചു മറിയം ജോസ്’ എന്നീ ചിത്രങ്ങളിലൂടെയും സംഗീതരംഗത്ത് തന്റെ സാന്നിധ്യം ശക്തമാക്കി.
‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ സംഗീതവും പശ്ചാത്തലസംഗീതവും ജേക്സിന്റെ കരിയറിലെ ശ്രദ്ധേയമായ അധ്യായമായി. ചിത്രത്തിലെ സംഗീതത്തിനായി കേരളത്തിന്റെ നാടൻ സംഗീതപാരമ്പര്യങ്ങളെയും ഗോത്രസംഗീതത്തെയും അടുത്തറിയാനുള്ള ശ്രമം അദ്ദേഹം നടത്തിയിരുന്നു. ഈ ചിത്രത്തിലെ സംഗീതസംവിധാനത്തിന് 2021-ലെ സൈമ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
തുടർന്ന് ‘ഓപ്പറേഷൻ ജാവ’, ‘കുരുതി’, ‘ജനഗണമന’, ‘കടുവ’, ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങിയ മലയാള ചിത്രങ്ങൾക്കൊപ്പം തമിഴ്, തെലുങ്ക് സിനിമകളിലും അദ്ദേഹം സംഗീതസംവിധായകനായി സാന്നിധ്യമറിയിച്ചു. ‘പോർ തൊഴിൽ’, ‘ടാക്സിവാല’, ‘സരിപോധാ ശനിവാരം’ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ ദക്ഷിണേന്ത്യൻ സിനിമാ സംഗീതയാത്രയ്ക്ക് പുതിയ മാനം നൽകി. ‘തുടരും’, ‘നരിവേട്ട’, ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’ തുടങ്ങിയ ചിത്രങ്ങളിലൂടെയും സമീപകാലത്ത് അദ്ദേഹത്തിന്റെ സംഗീതം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തി.
ഒരു സിനിമയ്ക്ക് സംഗീതം ഒരുക്കുന്നതിൽ മാത്രം ഒതുങ്ങാതെ, സംഗീതത്തിന്റെ അവകാശം, പ്രസിദ്ധീകരണം, വിപണനം, പ്രേക്ഷകരിലേക്കുള്ള വിതരണം തുടങ്ങിയ മേഖലകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ കാലഘട്ടത്തിലാണ് JxB Records-ന്റെ പ്രസക്തി. സംഗീത സംവിധായകന്റെ സ്വന്തം അനുഭവസമ്പത്തും സംഗീതമേഖലയിലെ ബന്ധങ്ങളും ക്രിയേറ്റീവ് കാഴ്ചപ്പാടും ഉപയോഗപ്പെടുത്തി സ്വതന്ത്രമായൊരു സംഗീത ബ്രാൻഡ് വളർത്തിയെടുക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിലയിരുത്താം.
സിനിമകളിലെ ഗാനങ്ങൾക്കും പശ്ചാത്തലസംഗീതത്തിനും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വലിയ പ്രാധാന്യം ലഭിക്കുന്ന കാലത്ത്, സംഗീതത്തിന്റെ അവകാശവും വിതരണവും കൈകാര്യം ചെയ്യുന്ന മ്യൂസിക് ലേബലുകൾക്ക് വലിയ സാധ്യതകളാണുള്ളത്. മലയാള സിനിമയുടെ സംഗീതത്തെ ആഗോള ഡിജിറ്റൽ ശ്രോതാക്കളിലേക്കെത്തിക്കാനും പുതിയ സംഗീത പ്രതിഭകൾക്ക് അവസരമൊരുക്കാനും ഇത്തരം സംരംഭങ്ങൾക്ക് കഴിയും.
കുഞ്ചാക്കോ ബോബനെ നായകനാക്കി വിഷ്ണു രേവികുമാർ സംവിധാനം ചെയ്യുന്ന ‘ഹെയിൽ മേരി’യുടെ സംഗീതം ജേക്സ് ബിജോയ് ഒരുക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, അനു സിത്താര, സുഹാസിനി മണിരത്നം, ഹക്കീം ഷാ എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും ഗ്രീൻ റൂമിന്റെയും ബാനറുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന പോസ്റ്ററിലാണ് ചിത്രത്തിന്റെ സംഗീതം JxB Records-ലൂടെ അവതരിപ്പിക്കുമെന്ന പ്രഖ്യാപനം ശ്രദ്ധ നേടുന്നത്.
JxB Records-ന്റെ ബാനറിൽ ഒരു പ്രമുഖ താരചിത്രത്തിന്റെ സംഗീതം പുറത്തിറങ്ങുന്നത് കമ്പനിയുടെ ബ്രാൻഡ് വളർച്ചയ്ക്ക് പ്രധാനമാണ്. ജേക്സ് ബിജോയിയുടെ സംഗീതപരമായ വ്യക്തിമുദ്രയും സിനിമാ മേഖലയിലെ അനുഭവസമ്പത്തും പുതിയ സംരംഭത്തിന് കരുത്താകുമെന്നാണ് പ്രതീക്ഷ. ‘ഹെയിൽ മേരി’യിലൂടെ ആരംഭിക്കുന്ന ഈ മുന്നേറ്റം വരുംകാലത്ത് കൂടുതൽ സിനിമകളിലേക്കും സ്വതന്ത്ര സംഗീത പ്രോജക്ടുകളിലേക്കും വ്യാപിക്കുമോ എന്നതാണ് സംഗീതലോകം ഉറ്റുനോക്കുന്നത്. സംഗീത സംവിധായകനിൽനിന്ന് സംഗീതത്തിന്റെ സൃഷ്ടിയും വിപണനവും ഒരുപോലെ ലക്ഷ്യമിടുന്ന സംരംഭകനിലേക്കുള്ള ജേക്സ് ബിജോയിയുടെ ചുവടുമാറ്റം മലയാള സംഗീത വ്യവസായത്തിൽ പുതിയൊരു സാധ്യതയ്ക്ക് വഴിതുറക്കുകയാണ്.
.jpg)

