ഹാട്രിക്ക് നേട്ടത്തിനരികെ മോഹൻലാൽ; 'കണ്ണപ്പ' ജൂൺ 27-ന് തീയേറ്ററുകളിൽ


'എമ്പുരാൻ', 'തുടരും' തുടങ്ങി സമീപകാലത്തെ ശ്രദ്ധേയമായ വിജയചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാൽ ഒരിക്കൽ കൂടി പ്രേക്ഷകരെ ആകർഷിക്കാൻ എത്തുകയാണ്. വിഷ്ണു മഞ്ചു നായകനായെത്തുന്ന 'കണ്ണപ്പ' എന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ്കുമാർ, മോഹൻകുമാർ, ശരത്കുമാർ, കാജൽ അഗർവാൾ തുടങ്ങിയ വമ്പൻ താരനിര ഒരുമിക്കുകയാണ്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂൺ 27-നാണ് റിലീസിനെത്തുന്നത്.
tRootC1469263">ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മോഹൻലാൽ എല്ലാ വേഷങ്ങളിലും ഭാഷകളിലും തലമുറകളുടെ ഇഷ്ടതാരമായി നിരന്തരം സ്വയം പുതുക്കിയിട്ടുണ്ട്. 'കണ്ണപ്പ'യിൽ, നിഗൂഢതയും ശക്തിയും കലർന്ന വേഷം ഏറ്റെടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ രംഗങ്ങൾ ലോകം മുഴുവൻ ചർച്ചയാകുന്നതും ഏവരേയും സ്വാധീനിക്കുന്നതുമായിരിക്കുമെന്നാണ് സിനിമാവൃത്തങ്ങളിൽനിന്നുള്ള സൂചന.

ഇന്ത്യൻ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തിൽ, ശിവനോടുള്ള അചഞ്ചലമായ സ്നേഹവും, അദ്ദേഹത്തെ ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസ ഭക്തന്റെ യാത്രയുമാണ് 'കണ്ണപ്പ' പറയുന്നത്. കാലാതീതമായ വിശ്വാസത്തിനും വീരോചിതമായ ത്യാഗത്തിനും ഊന്നൽ നൽകി വിഷ്ണു മഞ്ചുവാണ് ചിത്രം നിർമിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്യുന്നത്.
മോഹൻലാലിനെ പോലൊരു മുതിർന്ന സൂപ്പർസ്റ്റാറിനെ ചിത്രത്തിൽ ഉൾപ്പെടുത്തുന്നത് ഒരു സ്വപ്ന സാഫല്യമാണെന്നും എന്തെന്നില്ലാത്തൊരു തീവ്രത അദ്ദേഹത്തിന്റെ വരവോടെ കൈവന്നുവെന്നും വിഷ്ണു പറഞ്ഞു. മോഹൻലാലും വിഷ്ണു മഞ്ചുവും തമ്മിൽ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ 'കണ്ണപ്പ' ഇതിനകം ഏറെ ചർച്ചാവിഷയമാണ്. മാത്രമല്ല ദക്ഷിണേന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര നിമിഷമാണെന്നും പലരും പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും ഏറ്റവും ആകർഷകമായ ചില സ്ഥലങ്ങളിൽ ചിത്രീകരിച്ച 'കണ്ണപ്പ'യുടെ ആത്മീയ ആഴത്തിനും വൈകാരികമായി പ്രതിധ്വനിക്കുന്ന ആഖ്യാനത്തിനും ലോകോത്തരമാനമാണുള്ളത്.
മേയ് എട്ടുമുതൽ അമേരിക്കയിൽനിന്ന് 'കണ്ണപ്പ മൂവ്മെന്റ്' തുടങ്ങാനിരിക്കുകയാണ്. ജൂൺ 27-ന് റിലീസാകുന്ന ചിത്രത്തിന്റെ ആഗോള പ്രമോഷനുകൾക്ക് ഇതോടെ തുടക്കം കുറിക്കും. വിഷ്ണു മഞ്ചുവും സംഘവും ഇന്ത്യയ്ക്കൊപ്പം അമേരിക്കയിലുടനീളം 'കണ്ണപ്പ'യ്ക്കായി ഒരു വലിയ റിലീസ് ആസൂത്രണം ചെയ്യുന്നതിനാൽ തന്നെ ഈ അന്താരാഷ്ട്ര സംരംഭം ചിത്രത്തെ ഏവരിലേക്കും എത്തിക്കുന്നതിനായാണ് വിഭാവനം ചെയ്തിരിക്കുന്നത്.