ജയിലർ 2 വിൽ മോഹൻലാലിന്റെ രംഗങ്ങൾ വെട്ടിക്കുറച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് കുറിപ്പിട്ട സംഭവം ; വിശദീകരണവുമായി ജിഷാദ്
മോഹൻലാലിന്റെ രംഗങ്ങൾ വെട്ടിക്കുറച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ട സംഭവത്തിൽ വിശദീകരണവുമായി ജയിലർ 2-ന്റെ വസ്ത്രാലങ്കാര ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ. മോഹൻലാലിന്റെ കടുത്ത ആരാധകനെന്ന നിലയിൽ വിഷമം തോന്നിയപ്പോഴാണ് വൈകാരികമായി പ്രതികരിച്ചതെന്നും സിനിമയുടെ നിർമാണപ്രക്രിയയെയും ചലച്ചിത്രപ്രവർത്തകരുടെ സ്വാതന്ത്ര്യത്തെയും പൂർണമായി മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ കുറിപ്പിലൂടെയാണ് ജിഷാദ് നിലപാട് വ്യക്തമാക്കിയത്.
മോഹൻലാലിനോടുള്ള ആരാധനയിൽനിന്നാണ് തന്റെ ആദ്യ പ്രതികരണം ഉണ്ടായതെന്ന് ജിഷാദ് പറഞ്ഞു. സിനിമയിൽ താരത്തിന്റെ ഭാഗങ്ങൾ വെട്ടിക്കുറച്ചത് കണ്ടപ്പോൾ സ്വാഭാവികമായും വിഷമം തോന്നി. എന്നാൽ സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന ഒരു സാങ്കേതികപ്രവർത്തകൻ എന്ന നിലയിൽ നിർമാണപ്രക്രിയയെയും ചലച്ചിത്രപ്രവർത്തകരുടെ തീരുമാനങ്ങളെയും മാനിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ടാണ് വിശദീകരണം അവസാനിപ്പിച്ചത്.
രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ 2 പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ജിഷാദിന്റെ വിമർശനം. ട്രെയിലറിൽ മോഹൻലാലിന്റെ രംഗം വെറും രണ്ട് സെക്കൻഡിലേക്ക് ചുരുക്കിയപ്പോഴും ചിത്രീകരണസമയത്ത് താൻ ചെയ്ത ജോലിയിൽ പൂർണ ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ചിത്രം പുറത്തിറങ്ങിയപ്പോൾ മോഹൻലാലിന്റെ മൂന്ന് വ്യത്യസ്ത രൂപങ്ങൾ പൂർണമായും എഡിറ്റ് ചെയ്ത് ഒഴിവാക്കിയെന്നും ട്രെയിലറിലുണ്ടായിരുന്ന രംഗം പോലും വെട്ടിച്ചുരുക്കിയെന്നും ജിഷാദ് ആരോപിച്ചിരുന്നു. ജയിലറിന് മറ്റൊരു ഭാഗം വന്നാൽ അതിന്റെ ഭാഗമാകില്ലെന്നും ആനുകൂല്യങ്ങൾക്കോ ലാഭത്തിനോ താരപദവിക്കോ വേണ്ടിയല്ല താൻ നിലകൊള്ളുന്നതെന്നും ആരാധകർക്കും സിനിമയെ സ്നേഹിക്കുന്നവർക്കും മോഹൻലാലിനും വേണ്ടിയാണ് പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ ഉയർന്നു.
ആദ്യഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ രജനീകാന്ത് മുത്തുവേൽ പാണ്ഡ്യനായി തിരിച്ചെത്തുന്ന ജയിലർ 2, കേരളത്തിൽ 800 സ്ക്രീനുകളിലടക്കം വമ്പൻ റിലീസായാണ് തിയേറ്ററുകളിലെത്തിയത്. സൺ പിക്ചേഴ്സാണ് ചിത്രം നിർമിച്ചത്. മോഹൻലാലിന്റെ രംഗങ്ങൾ വെട്ടിക്കുറച്ചതിനെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ ജിഷാദ് നടത്തിയ വിശദീകരണം സിനിമയിലെ എഡിറ്റിങ് തീരുമാനങ്ങളും സാങ്കേതികപ്രവർത്തകരുടെ പ്രതികരണങ്ങളും വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്.
.jpg)


