ഹിറ്റടിക്കാൻ മോഹൻലാൽ വീണ്ടും; 'ഛോട്ടാ മുംബൈ'


മോഹൻലാൽ വാസ്‌കോ എന്ന 'തല' ആയി തകർത്താടിയ ചിത്രമാണ് ഛോട്ടാ മുംബൈ. നടന്റെ ജന്മദിനമായ മെയ് 21 ന് സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്. നേരത്തെ തന്നെ സിനിമയുടെ നിർമാതാക്കൾ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും ഇപ്പോഴിതാ മോഹൻലാൽ തന്നെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ്. ഇതോടെ ആവേശത്തിലായിരിക്കുകയാണ് മോഹൻലാൽ ഫാൻസ്.
ചിത്രത്തിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുൽ രാജായിരുന്നു സംഗീതസംവിധാനം. മോഹൻലാലിന് മാത്രമല്ല, ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ ഇടംപിടിച്ചു. സിദ്ദിഖിന്റെ മുള്ളൻ ചന്ദ്രപ്പനും, ജഗതിയുടെ പടക്കം ബഷീറും, കലാഭവൻ മണിയുടെ വില്ലൻ വേഷവും ബിജുക്കുട്ടന്റെ സുശീലനും രാജൻ പി ദേവന്റെ പാമ്പ് ചാക്കോച്ചനും ഭാവനയുടെ ലതയും തുടങ്ങി ഇന്നും ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ നിര വലുതാണ്.
