രണ്ടുമാസം, ബോക്സോഫീസിനെ പഞ്ഞിക്കിട്ട് മോഹൻലാൽ


മലയാളസിനിമയിൽ മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവ്. മോഹൻലാലിന്റെ തുടർവിജയങ്ങളെ ആരാധകർ വിശേഷിപ്പിക്കുന്നത് ഇങ്ങനെ. 2024-ൽ നേരിട്ട തുടർ പരാജയങ്ങളുടെ ക്ഷീണം തീർത്തുകൊണ്ടാണ് അദ്ദേഹം തുടരെത്തുടരെയുള്ള വിജയങ്ങളുമായി മുന്നോട്ടുകുതിക്കുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങളിൽ റിലീസായ രണ്ട് ചിത്രങ്ങളിലൂടെ 500 കോടി രൂപയാണ് അദ്ദേഹം ബോക്സോഫീസിൽനിന്ന് വാരിക്കൂട്ടിയത്.
tRootC1469263">2024-ൽ രണ്ടുചിത്രങ്ങളാണ് മോഹൻലാലിന്റേതായി തിയേറ്ററുകളിലെത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടൈ വാലിബനായിരുന്നു ഇതിൽ ആദ്യത്തേത്. വലിയ പ്രതീക്ഷകളോടെയെത്തിയ ചിത്രം പക്ഷേ ബോക്സോഫീസിൽ പരാജയപ്പെട്ടു. വലിയ മുതൽമുടക്കിലെത്തിയ ചിത്രം 29.7 കോടിയാണ് നേടിയത്. ഏതാനും മാസങ്ങൾക്കുശേഷമെത്തിയ ബറോസ് 3ഡിയും തകർന്നടിഞ്ഞു. മോഹൻലാൽതന്നെ സംവിധാനംചെയ്ത ചിത്രത്തിന്റെ ആഗോള ഫൈനൽ കളക്ഷൻ 15.1 കോടിയായിരുന്നു. രണ്ട് ചിത്രങ്ങളും തുടരെ പരാജയപ്പെട്ടതോടെ ആരാധകരും അല്പം നിരാശയിലായി.

പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിയ്ക്കാനാണ് എന്നുപറഞ്ഞതുപോലെ മോഹൻലാൽ എന്ന താരത്തിന്റെ ബോക്സോഫീസ് വേട്ട തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. മാർച്ചിൽ തിയേറ്ററുകളിലെത്തിയ എമ്പുരാനെ ഇരുകയ്യുംനീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത സ്റ്റൈലിഷ് ചിത്രം വെറും രണ്ടുദിവസം കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. 265.5 കോടി ആഗോള കളക്ഷൻ നേടിയ ചിത്രം 2025-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ സിനിമയായും മാറി.
തൊട്ടുപിന്നാലെയെത്തിയ തുടരും സിനിമയുടെ പേരുപോലെതന്നെ വിജയത്തുടർച്ച സൃഷ്ടിച്ചു. കേരളത്തിൽ മാത്രമായി ഒരു ചിത്രം 100 കോടി കളക്ഷൻ സ്വന്തമാക്കിയെന്ന വാർത്തയും പിന്നാലെ കേട്ടു. ആഗോളതലത്തിൽ 234.5 കോടി രൂപയാണ് തുടരും സ്വന്തമാക്കിയതെന്നാണ് ട്രാക്കർമാർ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വെറും രണ്ട് ചിത്രങ്ങൾകൊണ്ട് 500 കോടി രൂപയാണ് മോഹൻലാൽ ബോക്സോഫീസിൽനിന്ന് വാരിയെടുത്തത്. മലയാളത്തിൽ ഇങ്ങനെയാരു സംഭവം ഇതാദ്യവുമാണ്.
പക്ഷേ ഈ വിജയക്കുതിപ്പ് ഇപ്പോഴും തുടരുകയാണ്. അതിന് കാരണമാകട്ടെ 18 വർഷം മുൻപിറങ്ങിയ മറ്റൊരു ചിത്രവും. ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ ഏതാനും ദിവസങ്ങൾക്കുമുൻപാണ് റീറിലീസായത്. റീറിലീസാണെങ്കിലും ഒരു പുത്തൻ മോഹൻലാൽ ചിത്രത്തിന് നൽകുന്ന അതേ വരവേല്പ് തന്നെയാണ് ആരാധകർ ഈ ചിത്രത്തിനും നൽകിയത്. രണ്ടുദിവസം കൊണ്ട് ഒന്നരക്കോടി രൂപയാണ് ചിത്രം നേടിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മോഹൻലാൽ നായകനായി രണ്ട് റിലീസുകളാണ് വരാനിരിക്കുന്നത്. ഇതിൽ പാൻ ഇന്ത്യൻ ചിത്രമായി വരുന്ന വൃഷഭ ഒക്ടോബർ 16-നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനംചെയ്യുന്ന ഹൃദയപൂർവം ഓഗസ്റ്റ് 28-ന് റിലീസ് ചെയ്യും. തെലുങ്ക് ചിത്രം കണ്ണപ്പയിലും മോഹൻലാൽ വേഷമിടുന്നുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രവും പിന്നാലെയുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഈ ചിത്രത്തിലുണ്ട്. പുത്തൻ ചിത്രങ്ങളുമായി പ്രിയതാരം വരുമ്പോൾ തികഞ്ഞ പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.