കോമഡി ഹൊറർ ചിത്രം ‘മോഹനവള്ളി’ക്ക് കൊച്ചിയിൽ തുടക്കം
മലയാളികളുടെ പ്രിയതാരം അസീസ് നെടുമങ്ങാടിനെ കേന്ദ്രകഥാപാത്രമാക്കി പുതുമുഖ സംവിധായകൻ ഉമേഷ് എസ്. നായർ ഒരുക്കുന്ന ‘മോഹനവള്ളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. ബിന്ദു പണിക്കർ, ബൈജു സന്തോഷ്, അബിൻ ബിനൊ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജെ സ്റ്റുഡിയോസും എ ടു എ മൂവി പ്രമോഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ചുനടന്ന പൂജാ ചടങ്ങുകളിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തു. സംവിധായകൻ ലിയോ തദേവൂസ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനവും സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചപ്പോൾ, ശ്രീകാന്ത് മുരളിയാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. രാഹുൽ കല്യാൺ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അർക്കാഡോ ആണ്.
ഒരു തനി നാട്ടിൻപുറത്തുകാരനായ പ്രേമദാസനും അമ്മ ശാരദാമ്മയും പളനിയിലേക്ക് നടത്തുന്ന തീർത്ഥയാത്രയും, അവിടെ നിന്ന് അവർ മോഹിച്ചുപിടിച്ച ‘വള്ളി’യുമായി തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തുടർന്ന് ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന രസകരമായ സംഭവങ്ങൾ പൂർണ്ണമായും ഹാസ്യ രൂപത്തിൽ, ഒരു കോമഡി ഹൊറർ മൂഡിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സെന്തിൽ കൃഷ്ണ, ഭഗത് മാനുവൽ, രക്ഷണ ഇന്ദുചൂഡൻ, മൊട്ട രാജേന്ദ്രൻ, ശ്രീജ രവി തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുധീർ സുരേന്ദ്രനും എഡിറ്റിംഗ് സുനേഷ് സെബാസ്റ്റ്യനുമാണ് നിർവ്വഹിക്കുന്നത്.
.jpg)

