ചരിത്രമെഴുതി മൈക്കിൾ ജാക്സന്റെ 'മൈക്കിൾ' ; തകർത്തത് ഓപ്പൺഹൈമറിന്റെ റെക്കോർഡ്
പോപ്പ് സംഗീതത്തിന്റെ ഇതിഹാസതാരമായ മൈക്കിൾ ജാക്സന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘മൈക്കിൾ’ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ചു. ലോകമെമ്പാടുമായി 977 മില്യൺ ഡോളറിലധികം കളക്ഷൻ സ്വന്തമാക്കിയ ചിത്രം, ഓപ്പൺഹൈമറിന്റെ ആഗോള വരുമാനത്തെ മറികടന്ന് എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബയോപിക് എന്ന റെക്കോർഡ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സംഗീത ബയോപിക്കുകളിലെ മുൻ റെക്കോർഡുകളും തകർത്ത 'മൈക്കിൾ', ലോക സിനിമയിലെ ഏറ്റവും വിജയകരമായ ജീവചരിത്ര ചിത്രമായി മാറിയിരിക്കുകയാണ്.975 ദശലക്ഷം ഡോളർ നേടിയായിരുന്നു ഓപ്പൺഹൈമർ ഇതുവരെ ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്.
കൂടാതെ, ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന മ്യൂസിക്കൽ ബയോപിക് എന്ന റെക്കോർഡും ഇനി മൈക്കിളിന് സ്വന്തം. 2018ൽ റിലീസ് ചെയ്ത് 911 ദശലക്ഷം ഡോളർ നേടിയ 'ബൊഹീമിയൻ റാപ്സഡി' എന്ന ചിത്രത്തിന്റെ റെക്കോർഡാണ് തകർന്നത്. പ്രശസ്ത ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ ലയൺസ്ഗേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയചിത്രം കൂടിയായി മാറിയിരിക്കുകയാണ് മൈക്കിൾ.
അമേരിക്കയിൽ ലയൺസ്ഗേറ്റും അന്താരാഷ്ട്ര തലത്തിൽ യൂണിവേഴ്സൽ പിക്ചേഴ്സും വിതരണത്തിനെത്തിച്ച ഈ ചിത്രം റിലീസ് ചെയ്തത് മുതലേ തിയറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. അന്റോയിൻ ഫുക്വ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ മൈക്കിൾ ജാക്സന്റെ സ്വന്തം സഹോദരപുത്രനായ ജാഫർ ജാക്സൺ ചലച്ചിത്ര ലോകത്തേക്ക് മികച്ച തുടക്കമിട്ടു. ജാക്സൺ 5 എന്ന സംഗീത ബാൻഡിലൂടെയുള്ള തുടക്കം മുതൽ ലോകത്തിന്റെ 'കിങ് ഓഫ് പോപ്പ്' ആയി മൈക്കിൾ ജാക്സൺ വളർന്ന ചരിത്രമാണ് സിനിമ ദൃശ്യവൽക്കരിക്കുന്നത്.
2009ൽ, തന്റെ 50-ാം വയസ്സിൽ അന്തരിച്ച മൈക്കിൾ ജാക്സന്റെ കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ഈ ചിത്രം വികസിപ്പിച്ചെടുത്തത്. പ്രതിഭാശാലിയും എന്നാൽ സങ്കീർണ്ണവുമായ വ്യക്തിത്വത്തിന് ഉടമയായ ഒരു സംഗീത പ്രതിഭയുടെ സത്യസന്ധമായ ആവിഷ്കാരം എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിച്ചത്. സിനിമയുടെ കഥ അവസാനിക്കുന്നത് 1988ലാണ്. അതുകൊണ്ടുതന്നെ മൈക്കിൾ ജാക്സന്റെ ആഗോള പ്രശസ്തിയിലേക്കുള്ള വളർച്ചക്കാണ് ചിത്രം കൂടുതൽ പ്രാധാന്യം നൽകുന്നത്.
നിലവിൽ ലയൺസ്ഗേറ്റിന്റെ തന്നെ ഹിറ്റ് ചിത്രമായ 'ദി ഹംഗർ ഗെയിംസ്: കാച്ചിങ് ഫയറിനെ' പിന്തള്ളിയാണ് മൈക്കിൾ ഒന്നാമതെത്തിയത്. ഈ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ, മൈക്കിൾ ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി മറ്റൊരു ചിത്രം കൂടി നിർമിക്കാനുള്ള തയാറെടുപ്പിലാണ് പ്രൊഡക്ഷൻ കമ്പനിയെന്നാണ് ഹോളിവുഡിൽ നിന്നുള്ള പുതിയ വിവരങ്ങൾ.
.jpg)

