ഗില്ലിയെ തൂക്കുമോ മെർസൽ?; അഡ്വാൻസ് ബുക്കിങ്ങിൽ കുതിച്ച് വിജയ് പടം
നടൻ വിജയ് രാഷ്ട്രീയ പ്രവേശനത്തോട് കൂടി സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്ന വാർത്ത വളരെ വിഷമത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ജനനായകന് ശേഷം സിനിമയിൽ നിന്നും വിജയ് പൂർണമായും മാറിനിൽക്കുമെന്നാണ് കരുതുന്നത്. എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വിജയ്‌യുടെ പിറന്നാൾ ദിനം ആഘോഷമാക്കാനുള്ള പുറപ്പാടിലാണ് ദളപതി ആരാധകർ. അറ്റ്ലീ സംവിധാനം ചെയ്ത മെർസൽ വിജയ്‌യുടെ പിറന്നാൾ പ്രമാണിച്ച് നാളെ വീണ്ടും തിയേറ്ററിൽ എത്തുകയാണ്.
ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് റീ റിലീസിലും സിനിമയ്ക്ക് ലഭിക്കുന്നത്. തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ സിനിമയ്ക്കായി ചാർട്ട് ചെയ്ത രണ്ട് ഷോയുടെയും ടിക്കറ്റുകൾ വലിയ തോതിലാണ് വിറ്റുപോകുന്നത്. റോഷിക എന്റർപ്രൈസസ് ആണ് സിനിമ വീണ്ടും പ്രദർശനത്തിന് എത്തിക്കുന്നത്. മറ്റു തിയേറ്ററുകളിലും ചിത്രത്തിന് വലിയ വരവേൽപ്പ് ലഭിക്കുന്നുണ്ട്. ചിത്രത്തിന് റീ റിലീസിലും കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അറ്റ്ലീയുടെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത സിനിമയാണ് മെർസൽ. എ ആർ റഹ്‌മാൻ ആയിരുന്നു സിനിമയ്ക്ക് സംഗീതം നൽകിയിരുന്നത്.
വിജയ് ട്രിപിൾ റോളിലെത്തിയ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. അവയവക്കച്ചവടത്തിന്റെയും പണത്തിന്റെയും പുറകെ പോകുന്ന സ്വകാര്യ ആശുപത്രി രംഗത്തെ അഴിമതിയും അനീതിയുമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങളുടെ പേരിൽ ബിജെപിയുടെ എതിർപ്പിനിരയായ ചിത്രം കൂടിയാണ് മെർസൽ. ചരക്ക് നികുതി, ജിഎസ്ടി ഉൾപ്പെടെ കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു. ഇത് പിന്നീട് റീ സെൻസർ ചെയ്തിരുന്നു.
അതേസമയം, നേരത്തെ റീ റിലീസിനെത്തിയ വിജയ് ചിത്രം ഗില്ലി 32 കോടിയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. സച്ചിനും തിയേറ്ററിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നു. ഈ രണ്ടു ചിത്രങ്ങളെയും മറികടന്ന് മെർസൽ തിയേറ്ററിൽ കത്തിക്കയറുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.
.jpg)


